കർണാടക : കർണാടകയിൽ പ്രീയൂണിവേഴ്‌സിറ്റി മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബുധനാഴ്ചവരെ തുറക്കില്ലെന്ന് സർക്കാർ. തിങ്കളാഴ്ച ചേരുന്ന യോഗത്തിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകൾ തിങ്കളാഴ്ച തുറക്കുന്ന സാഹചര്യത്തിൽ ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിലാണ് തീരുമാനം.
സ്‌കൂളുകളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ സമാധാന യോഗങ്ങൾ വിളിക്കണമെന്നും ജില്ലാ ഭരണകൂടങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകി. ഹിജാബ് വിവാദങ്ങളെ തുടർന്നാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചത്. സ്‌കൂളുകൾ തുറക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു.