ബംഗളൂരു: 2024ലെ പാർലമന്റെ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ ഐക്യത്തിനുള്ള പ്രതിപക്ഷ നേതാക്കളുടെ രണ്ടാമത്തെ യോഗത്തിൽ 24 പാർട്ടികൾ പങ്കെടുക്കും. കർണാടകയിലെ ബംഗളൂരുവിൽ ജൂലൈ 17, 18 തീയതികളിലാണ് പ്രതിപക്ഷ നേതാക്കളുടെ രണ്ടാമത്തെ യോഗം നടക്കുക. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐ.യു.എം.എൽ) അടക്കം എട്ട് പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പുതിയതായി പങ്കെടുക്കും. മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ), കൊങ്കുദേശ മക്കൾ കക്ഷി (കെ.ഡി.എം.കെ), വിടുതലൈ ചിരുതൈകൾ കക്ഷി (വി.സി.കെ), റെവല്യുഷനറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി), ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐ.യു.എം.എൽ), കേരള കോൺഗ്രസ് (ജോസഫ്), കേരള കോൺഗ്രസ് (മാണി) എന്നീ പാർട്ടികളാണ് ബംഗളൂരു യോഗത്തിൽ പങ്കെടുക്കുന്നവർ. ഇതിൽ എം.ഡി.എം.കെയും കെ.ഡി.എം.കെയും 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സഖ്യകക്ഷികളായിരുന്നു.
ജൂലൈ 17 വൈകിട്ട് ആറു മണിക്കും 18ന് രാവിലെ 11 മണിക്കുമാണ് ബംഗളൂരുവിലെ യോഗം നടക്കുക. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും യോഗത്തിൽ പങ്കെടുക്കും. ജൂൺ 23ന് 15ലധികം പ്രതിപക്ഷ പാർട്ടികളുടെ കേന്ദ്ര നേതാക്കൾ പങ്കെടുത്ത ബിഹാറിലെ പാറ്റ്നയിൽ നടന്ന യോഗം വൻ വിജയമായിരുന്നു.വരാനിരിക്കുന്ന നാല് നിയമസഭ തെരഞ്ഞെടുപ്പ് ഉൾപ്പെടെ മുന്നിൽ കണ്ട് സംയുക്ത നീക്കത്തിനായി ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) തലവനുമായ നിതീഷ് കുമാറാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചത്.