അടൂര്‍ : അടൂര്‍ വടക്കടത്തുകാവ് പോലീസ് ക്യാമ്പില്‍ എട്ട് പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. നാലുപേരെ വിശ്രമം നല്കി വീട്ടിലയച്ചു. വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ രണ്ടുപേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ഏറത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തട്ടത്തില്‍ ബദറുദ്ദീന്‍ പറഞ്ഞു. ഇവിടെ നടക്കുന്ന കമാന്‍ഡോ ട്രെയിനിങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് പനി പിടിപെട്ടത്. ഇതിനെ തുടര്‍ന്ന് ഏറത്ത് പിഎച്ച്‌സിയില്‍ നിന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തട്ടത്തില്‍ ബദറുദീന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ കൊതുകിന്റെ ഉറവിട നശീകരണം നടത്തി. കൂടാതെ ബോധവല്‍ക്കരണവും ഫോഗിങ്ങും നടന്നു.
ജില്ലാ മെഡിക്കല്‍ ഓഫീസിലെ മലേറിയ ഓഫീസര്‍ രാജശേഖരന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഫോഗിങ് നടന്നത്. ആരോഗ്യവിഭാഗത്തിന്റെ ജീവനക്കാര്‍ എട്ട് സംഘമായി തിരിഞ്ഞ് കൊതുകിന്റെ ഉറവിട നശീകരണം നടത്തി. ഏറത്ത് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ അനില്‍ പൂതക്കുഴി സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.