തിരുവനന്തപുരം: എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ശനിയാഴ്ച മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കില്ല.
ജില്ലയിലാകെ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ 20 പേര് മാത്രമേ പങ്കെടുക്കാവൂ.
കണ്ടെയിന്മെന്റ് സോണുകളില്‍ വിവാഹം, ശവസംസ്കാരം എന്നിവയ്ക്കൊഴികെ അഞ്ചുപേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പൊതു പരിപാടികളോ കൂടിച്ചേരലുകളോ അനുവദിക്കില്ല. ഈ പ്രദേശങ്ങളില്‍ വിവാഹം, ശവസംസ്കാരം എന്നിവയ്ക്ക് പരമാവധി 20 പേരെ പങ്കെടുപ്പിക്കാം.
അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കല്‍ എന്നിവയ്ക്കൊഴികെ ആളുകള്‍ കണ്ടെയിന്മെന്റ് സോണില്‍ നിന്നും പുറത്തേക്കു പോകുന്നത് കര്‍ശനമായി നിയന്ത്രിക്കും. ഇതിനാവശ്യമായ നിയന്ത്രണങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തും.
ശനിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ഒക്ടോബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടു ജില്ലകളിലും പോലീസ് നിരീക്ഷണം കര്‍ശനമാക്കും.
തിരുവനന്തപുരത്ത് 1,096 പേര്‍ക്കും മലപ്പുറത്ത് 1,042 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തൊട്ടുമുന്‍പുള്ള ദിവസവും ആയിരത്തിന് അടുത്തായിരുന്നു രണ്ടു ജില്ലകളിലും പോസിറ്റീവ് കേസുകള്‍. ജില്ലയിലുടനീളം രോഗവ്യാപനം കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.