കോന്നി : ഇളമണ്ണൂർ -കലഞ്ഞൂർ-പാടം റോഡ് ടാറിംഗ് ആരംഭിച്ചു. ഇളമണ്ണൂർ -കലഞ്ഞൂർ ഭാഗം ബി.എം ആന്റ് ബി.സി നിലവാരത്തിലുള്ള ടാറിംഗ് ആണ് ആരംഭിച്ചത്. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 12.4 കിലോമീറ്റർ റോഡ് 22 കോടി രൂപയ്ക്കാണ് നിർമ്മിക്കുന്നത്.
ലോക്ക് ഡൗണിനെ തുടർന്ന് ജോലികൾ ആരംഭിക്കാൻ താമസിച്ചിരുന്നു. ചില ഭാഗങ്ങളിൽ നിർമ്മാണം സംബന്ധിച്ച് പരാതിയും ഉയർന്നു വന്നിരുന്നു. ഇതേതുടർന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ കഴിഞ്ഞ ദിവസം സ്ഥലത്തെത്തി പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അടക്കമുള്ള ഉദ്യോഗസ്ഥരെയും കോൺട്രാക്ടറെയും വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. കോൺട്രാക്ടർ ടാറിംഗ് ആരംഭിക്കുന്നതിന് കുമ്പനാടുള്ള മിക്സിംഗ് പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിനുള്ള ചില തടസ്സങ്ങൾ എം.എൽ.എയോടു പറയുകയും എം.എൽ.എ അത് പരിഹരിച്ചു നല്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച തന്നെ ടാറിംഗ് ആരംഭിക്കണമെന്ന് എം.എൽ.എ കോൺടാക്ടർക്കും ഉദ്യോഗസ്ഥർക്കും കർശന നിർദ്ദേശം നല്കിയിരുന്നു.
ആദ്യ ദിവസം 480 മീറ്റർ ടാറിംങ്ങാണ് പൂർത്തിയാക്കിയത്. വാഴപ്പാറ പാലത്തിന്റെ കോൺക്രീറ്റിംഗ് ജോലികളും ആരംഭിച്ചു. കലഞ്ഞൂർ-പാടം ഭാഗത്ത് നിർമ്മിക്കുള്ള പാലങ്ങളുടെയും കലുങ്കിന്റെയും നിർമ്മാണം പൂർത്തിയായാൽ ഉടൻ തന്നെ ആ ഭാഗത്തിന്റെയും ടാറിംഗ് നടത്തുമെന്ന് എം.എൽ.എ പറഞ്ഞു.