ന്യൂഡല്‍ഹി : പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിശ്വാസികള്‍ക്ക് അംഗീകരിക്കാനാകാത്തതുമാണെന്ന് സിപിഐ എം രാജ്യസഭാ നേതാവ് എളമരം കരീം പറഞ്ഞു. വിയോജിപ്പുകള്‍ക്ക് കൂച്ചുവിലങ്ങിട്ട് മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ ശ്വാസംമുട്ടിക്കുകയാണ്. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ സഭ്യേതരമാക്കിയതിനു പിന്നാലെയാണ് അത്യസാധാരണമായ പുതിയ നടപടി.
ജനകീയ വിഷയങ്ങള്‍ പാര്‍ലമെന്റിനകത്തും പുറത്തും ഉന്നയിക്കാനുള്ള അവകാശം ഹനിക്കുന്നത് അംഗീകരിക്കില്ല. മൗലികാവകാശമാണ് റദ്ദാക്കപ്പെടുന്നത്. പാര്‍ലമെന്റിനകത്ത് എങ്ങനെ സംസാരിക്കണം, പാര്‍ലമെന്റിനു പുറത്ത് എങ്ങനെ പ്രവര്‍ത്തിക്കണം എന്ന കേന്ദ്ര സര്‍ക്കാരിന്റെ തീട്ടൂരങ്ങള്‍ക്ക് അനുസരിച്ച് പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്താന്‍ ഇടതുപക്ഷം തയ്യാറല്ല. ഈ വിഷയത്തില്‍ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണം എളമരം കരീം പറഞ്ഞു.