കോഴിക്കോട്: 10 ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഏലത്തൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാരെന്ന തര്‍ക്കത്തിനു പരിഹാരം. നാഷനലിസ്റ്റ് കോണ്‍ഗ്രസ് കേരളയുടെ (എന്‍.സി.കെ) സംസ്ഥാന വൈസ് പ്രസിഡന്റ് സുല്‍ഫിക്കര്‍ മയൂരി യു.ഡി.എഫ് സ്ഥാനാര്‍ഥിയായി തുടരും. മലപ്പുറത്ത് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പിന്നാലെ എലത്തൂരിലെ ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികള്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ യോഗം ചേര്‍ന്നു. അമര്‍ഷവും പ്രതിഷേധവുമുണ്ടെങ്കിലും കെ.പി.സി.സി തീരുമാനം അംഗീകരിക്കാനായിരുന്നു യോഗത്തിലുണ്ടായ വികാരം. തുടര്‍ന്ന് കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം യു.വി. ദിനേശ് മണിയുടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനും തീരുമാനമായി. ഉച്ചയോടെ ദിനേശ് മണി പത്രിക പിന്‍വലിച്ചു. യു.ഡി.എഫിനൊപ്പമുള്ള ഭാരതീയ നാഷനല്‍ ജനതദളിന്റെ സെനിന് റാഷിയും പത്രിക പിന്നീട് പിന്‍വലിച്ചതോടെയാണ് എലത്തൂരിലെ ചിത്രം തെളിഞ്ഞത്.
പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും മണ്ഡലത്തില്‍ സജീവമായി പ്രവര്ത്തനത്തിനിറങ്ങുമെന്നും സുല്‍ഫിക്കര്‍ മയൂരി പറഞ്ഞു. എല്ലാവരെയും സ്വീകരിക്കുന്ന നാടായ കോഴിക്കോട് തന്നെയും സ്വീകരിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും. അതാണ് യു.ഡി.എഫ് സംസ്കാരം. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ എം.കെ. രാഘവന് എം.പിക്ക് മാനസിക പ്രയാസമുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും സുല്‍ഫിക്കര്‍ മയൂരി പറഞ്ഞു.
അതേസമയം എം.കെ. രാഘവന് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തോടുള്ള അമര്‍ഷം തുടരുകയാണ്. എലത്തൂരില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ യു.ഡി.എഫ് നേതൃത്വമാകും ഉത്തരവാദിയെന്ന് എം.കെ. രാഘവന് പറഞ്ഞു. നേരത്തേ അനുവദിച്ച സീറ്റ് ഏകപക്ഷീയമായി എന്‍.സി.കെക്ക് കൈമാറിയതില്‍ ഭാരതീയ നാഷനല്‍ ജനതാദളും പ്രതിഷേധത്തിലാണ്.