തൃശൂര്‍ : എളവള്ളി ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള ജലനിധി പദ്ധതിക്ക് സഹായകമായി ബള്‍ക്ക് വാട്ടര്‍ പദ്ധതി വരുന്നു. ഇതിനായി 45 കോടി രൂപയുടെ എസ്റ്റിമേറ്റിന് സാങ്കേതിക അനുമതി ലഭിച്ചു. മുരളി പെരുനെല്ലി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഗ്രാമപഞ്ചായത്തില്‍ ജലനിധിയുടെ ഭാഗമായി 3900 പേര്‍ക്കാണ് കുടിവെള്ള വിതരണം ചെയ്തു വരുന്നത്. 4437 ഗുണഭോക്താക്കള്‍ക്ക് കൂടി ഗാര്‍ഹിക കണക്ഷന്‍ നല്‍കേണ്ടതുണ്ട്. ജലനിധിയുടെ നിലവിലുള്ള കുടിവെള്ള സ്രോതസായ ഇടിയംചിറയില്‍ കലക്കുവെള്ളം കലരുന്നതിനാല്‍ പലപ്പോഴും ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. ഈ സമയങ്ങളില്‍ ബദല്‍ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് ബള്‍ക്ക് വാട്ടര്‍ പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് ശ്രമം തുടങ്ങിയത്.
ദേശമംഗലം, കടങ്ങോട്, വേലൂര്‍, വരവൂര്‍, ചൂണ്ടല്‍, കണ്ടാണശ്ശേരി, മുള്ളൂര്‍ക്കര, എളവള്ളി എന്നീ എട്ട് പഞ്ചായത്തുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എളവള്ളി ഗ്രാമപഞ്ചായത്തിന് ആവശ്യമായ കുടിവെള്ളം പറയ്ക്കാട് മുടാട്ട്കുന്നില്‍ വാട്ടര്‍ അതോറിറ്റി വക 50 സെന്‍്റ് സ്ഥലത്ത് നിര്‍മ്മിക്കുന്ന 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്കില്‍ ശേഖരിക്കും. പ്രസ്തുത വെള്ളം താമരപ്പിള്ളി പൂച്ചക്കുന്നില്‍ നിലവിലുള്ള ടാങ്കിലേയ്ക്ക് ബൂസ്റ്റര്‍ വെച്ച് പമ്പ് ചെയ്യും.
തുടര്‍ന്നാണ് ഗാര്‍ഹിക കണക്ഷനുകളിലേയ്ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി എളവള്ളി ഗ്രാമ പഞ്ചായത്ത് രണ്ടര കോടി രൂപ ഗുണഭോക്തൃ വിഹിതം അടയ്ക്കണം. പ്രസ്തുത തുക പുതിയ ഗാര്‍ഹിക കണക്ഷന്‍ കൊടുക്കുന്നവരില്‍ നിന്നും ഈടാക്കും. 2024ല്‍ പദ്ധതിയുടെ പൂര്‍ത്തീകരണം സാധ്യമാക്കാനാണ് തീരുമാനം. കൂടാതെ മണച്ചാല്‍ ശുദ്ധജലതടാകത്തിന്റെ നടപടിക്രമങ്ങളും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ത്വരിതഗതിയിലാണ്.