ഇലവുംതിട്ട : കോവിഡ് ദുരിതത്തിനിടയിലും അശരണരെ ചേർത്ത് നിർത്തി ഇലവുംതിട്ട ജനമൈത്രി പോലീസ്. കഴിഞ്ഞ എട്ട് മാസമായി നടപ്പിലാക്കിവരുന്ന അശരണർക്ക് കൈത്താങ്ങാകുന്ന ‘സ്നേഹപൂർവ്വം” പദ്ധതിയുടെ ജൂൺ മാസത്തെ സഹായവും മുടക്കമില്ലാതെ വിതരണം ചെയ്തു. സ്റ്റേഷൻ പരിധിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കിടപ്പു രോഗികൾക്ക് ഭക്ഷ്യധാന്യങ്ങൾ എല്ലാ മാസവും വീട്ടിൽ നേരിട്ടെത്തിക്കുന്ന പദ്ധതിയാണിത്.
എസ്എച്ച് ഒ ടി കെ വിനോദ് കൃഷണന്റെ മേൽനോട്ടത്തിൽ ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത് എന്നിവർ നേതൃത്വം നല്കുന്ന ഹൗസ് ക്യാമ്പയിനിലൂടെ അർഹരായവരെ തെരഞ്ഞെടുത്താണ് സഹായമെത്തിച്ചത്. സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരുടെ ശമ്പള വിഹിതത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. കോവിഡ് ദുരിതത്തിലും മുടങ്ങാതെ ഭക്ഷ്യധാന്യങ്ങൾ പോലീസ് വീട്ടിലെത്തിക്കുന്നത് നിറഞ്ഞ മനസോടെ സ്വീകരിക്കുന്നതായി പദ്ധതിയുടെ ഗുണഭോക്താക്കൾ പറഞ്ഞു. തീർത്തും അർഹരായവർക്ക് മുടങ്ങാതെ ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് കൊടുക്കുന്നതറിഞ്ഞ സുമനസുകൾ സഹായവുമായി മുന്നോട്ട് വരുന്നുണ്ട്. അവരുടെ സഹകരണത്തോടെ കോവിഡ്- 19 ദുരിതബാധിതരായ നൂറോളം പേർക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളും പച്ചക്കറി കിറ്റുകളും ഇലവുംതിട്ട ജനമൈത്രി പോലീസ് എത്തിച്ച് നല്കിയിട്ടുണ്ട്. ഈ കോവിഡ്- 19 കാലത്തും നിരവധി ജനക്ഷേമ – ജനോപകാര പദ്ധതികളുമായി ജനമൈത്രി പോലീസ് മാതൃകാ പ്രവർത്തനമാണ് കാഴ്ച വെക്കുന്നത്.