പത്തനംതിട്ട : മാനസികനില തെറ്റിയ ഉളനാട് പുളിനില്ക്കുന്നതിൽ റെജി തോമസിനെ ഇലവുംതിട്ട ജനമൈത്രി പോലീസ് ഏറ്റെടുത്ത് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
നേരത്തെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇയാളെ പോലീസ് മുമ്പ് കോഴഞ്ചേരി ഗവ: ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കിയിരുന്നു. ഇപ്പോൾ വീണ്ടും അസുഖം കൂടി ഭാര്യയെയും മക്കളെയും ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കണമെന്നുംകാട്ടി ഭാര്യയും മക്കളും വാർഡ് മെമ്പർ സജിയും പോലീസിനെ സമീപിച്ചിരുന്നു. അയൽവാസികളെയും സ്ത്രീകളെയും ആക്രമിക്കുകയും അസഭ്യം പറയുകയും അയൽവീടുകളിൽ കല്ലെറിഞ്ഞും നാടിന് മൊത്തം ഭീതിവിതച്ച് പൊതു ശല്യമായി ഇദ്ദേഹം മാറിയിരുന്നു. തുടർന്ന് അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെട്ട് റെജിയെ അനുനയിപ്പിച്ച് ഇലവുംതിട്ട ഇൻസ്പെക്ടർ എസ്.എച്ച്.ഒ ടി.കെ വിനോദ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത് എന്നിവർ ചേർന്ന് വാർഡ് മെമ്പർ സജി വട്ടമോടിയിൽ, റെജിയുടെ ഭാര്യ ലീലു, മക്കൾ എന്നിവരുടെ സഹകരണത്തോടെ പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലാക്കി. അസുഖം ഭേദമാകുന്ന മുറക്ക് റെജിയെ ഏറ്റെടുത്ത് പുനരധിവസിപ്പിക്കുമെന്ന് ജനമൈത്രി പോലീസ് അറിയിച്ചു.