ബെംഗളൂരു: വീടിന് മുന്നിലെ പാര്‍ക്കിംഗ് ബുദ്ധിമുട്ട് ഉണ്ടാക്കിയതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യമന്ത്രിയുടെ കാര്‍ അയല്‍ക്കാരന്‍ തടഞ്ഞു. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു സംഭവം നടന്നത്. ബെംഗളൂരുവിലെ മുഖ്യമന്ത്രിയുടെ വസതിക്ക് എതിര്‍വശത്ത് താമസിക്കുന്ന വയോധികനാണ് കാര്‍ തടഞ്ഞത്. മുഖ്യമന്ത്രിയുടെ വീട്ടിലെത്തുന്ന സന്ദര്‍ശകരുടെ കാറുകള്‍ പാര്‍ക്കിംഗ് ചെയ്യുന്നത് വയോധികന്റെ വീടിന് മുന്നിലാണ്. ഇതുണ്ടാക്കുന്ന പ്രശ്നങ്ങളിലുള്ള ആശങ്ക ഉന്നയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
മുഖ്യമന്ത്രിയെ കാണാന്‍ വരുന്നവര്‍ വാഹനങ്ങള്‍ എല്ലായിടത്തും പാര്‍ക്ക് ചെയ്യുന്നതിനാല്‍ തനിക്കും കുടുംബത്തിനും വാഹനങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ടായെന്നും നരോത്തം എന്ന വയോധികന്‍ പറഞ്ഞു. ”കഴിഞ്ഞ 5 വര്‍ഷമായി ഈ അവസ്ഥയുണ്ട്, ഞങ്ങള്‍ മടുത്തു.” -നരോത്തം വ്യക്തമാക്കി. അതേസമയം അയല്‍വാസിയുടെ പരാതി കേട്ട മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടന്‍ തന്നെ പരിശോധിച്ച് പാര്‍ക്കിംഗ് പ്രശ്‌നം പരിഹരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.