പന്തളം : വായ്പാ കുടിശ്ശികയുടെ പേരിൽ ബാങ്ക് ജപ്തിനോട്ടീസ് പതിച്ചതിൽ മനംനൊന്ത് പന്തളത്തെ ദേശസാൽകൃത ബാങ്കിന് മുമ്പിൽ വൃദ്ധൻ ആത്മഹത്യാ ഭീഷണി മുഴക്കി. മുടിയൂർക്കോണം കരിമ്പയ്ക്കൽ മോഹനൻ പിള്ളയാണ് ഇന്നലെ ഉച്ചയ്ക്കുശേഷം രണ്ട് കന്നാസിൽ പെട്രോളുമായി ബാങ്കിലെത്തിയത്. മകന്റെ പേരിലെടുത്ത ആറ് ലക്ഷം രൂപയുടെ ഭവന വായ്പയിൽ പലിശയടക്കം ഏഴ് ലക്ഷത്തോളം രൂപ തിരികെ അടച്ചുവെന്നാണ് മോഹനൻ പിള്ള പറയുന്നത്. 4 ലക്ഷം കൂടി അടയ്ക്കാനുണ്ടെന്നു കാട്ടി ബാങ്ക് അധികൃതർ നോട്ടീസ് പതിച്ചിരുന്നു.
വിവരമറിഞ്ഞ് പോലീസും നഗരസഭാ കൗൺസിലർ ഷെഫിൻ റെജീബ് ഖാൻ, സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എച്ച്.നവാസ്, ലോക്കൽ കമ്മിറ്റിയംഗം റഹ്മത്തുള്ളഖാൻ എന്നിവർ സ്ഥലത്തെത്തി. തുടർന്ന് നടന്ന ചർച്ചയിൽ വായ്പാ കുടിശിക അടയ്ക്കാൻ സാവകാശം നൽകാമെന്ന ബാങ്ക് അധികൃതരുടെ ഉറപ്പ് ലഭിച്ച ശേഷമാണ് മോഹനൻ പിള്ള വീട്ടിലേക്ക് മടങ്ങിയത്. പണം തിരിച്ചടയ്ക്കാൻ പലതവണ നോട്ടീസ് നൽകിയിട്ടും അടയ്ക്കാതെ വന്നതോടെയാണ് ജപ്തിനോട്ടീസ് പതിച്ചതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.