കണ്ണൂര്‍ : സ്വത്തിനു വേണ്ടി മാതമംഗലത്ത് വൃദ്ധ മാതാവിനെ മക്കള്‍ മര്‍ദിച്ചെന്ന സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റില്‍. മീനാക്ഷിയമ്മയുടെ മകന്‍ രവീന്ദ്രനാണ് അറസ്റ്റിലായത്. മറ്റ് മക്കള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 15-ാം തീയതി മാതമംഗലം പേരൂലിലെ മീനാക്ഷിയമ്മ (93) യുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. മരിച്ച മകളുടെ സ്വത്ത് മറ്റ് മക്കള്‍ക്ക് വീതിച്ച് നല്‍കണമെന്ന് പറഞ്ഞ് നാല് മക്കള്‍ ചേര്‍ന്നാണ് മീനാക്ഷിയമ്മയെ മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു. മര്‍ദനത്തില്‍ മീനാക്ഷിയമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റിട്ടുണ്ട്.
ബലംപ്രയോഗിച്ച് സ്വത്ത് കൈക്കലാക്കാന്‍ ശ്രമിക്കുന്ന മക്കളുടെ സംഭാഷണം മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികള്‍ റെകോര്‍ഡ് ചെയ്തു. അമ്മയെ അസഭ്യ വര്‍ഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പിടിവിക്കുകയുമായിരുന്നു എന്നും പോലീസ് പറഞ്ഞു.10 മക്കളുള്ള മീനാക്ഷിയമ്മയുടെ മൂന്ന് മക്കള്‍ നേരത്തെ മരിച്ചു. അസുഖ ബാധിതയായി മരിച്ച ഓമനയ്ക്ക് മറ്റ് അവകാശികള്‍ ആരുമില്ലാത്തതിനാല്‍ ഓമനയുടെ സ്വത്ത് മറ്റ് മക്കള്‍ക്ക് വീതിച്ച് തരണമെന്ന് പറഞ്ഞായിരുന്നു നാല് മക്കള്‍ ചേര്‍ന്ന് മര്‍ദിച്ചതെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ മന്ത്രി ആര്‍.ബിന്ദു ചൊവ്വാഴ്ച റിപോര്‍ട്ട് തേടിയിരുന്നു. അടിയന്തര നടപടി കൈക്കൊള്ളാന്‍ സാമൂഹ്യനീതിവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.