പത്തനംതിട്ട : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ഥിയോ, നിര്‍ദേശകനോ ഉള്‍പ്പെടെ മൂന്നു പേരില്‍ കൂടുതല്‍ വരണാധികാരിയുടെ ഹാളില്‍ പ്രവേശിക്കരുത്. നോമിനേഷന്‍ ഫാറവും, 2 എ ഫാറവും കമ്മീഷന്റെ വെബ് സൈറ്റില്‍ ലഭിക്കും. നോമിനേഷന്‍ ഫാറവും 2 എ ഫാറവും പൂരിപ്പിച്ച് നിശ്ചിത സമയത്ത് വരണാധികാരിക്ക് സമര്‍പ്പിക്കണം. നോമിനേഷന്‍ സ്വീകരിക്കുന്ന ഹാളില്‍ ഒരു സമയം ഒരു സ്ഥാനാര്‍ഥിയുടെ ആളുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.
നോമിനേഷന്‍ സമര്‍പ്പിക്കുന്നവര്‍ ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പ് സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ വേണം. നോമിനേഷന്‍ സമര്‍പ്പിക്കുമ്പോള്‍ സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും വേണം. ആവശ്യമെങ്കില്‍ നോമിനേഷന്‍ സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ക്ക് മുന്‍കൂറായി സമയം അനുവദിക്കാം. ഒരു സമയം ഒന്നിലധികം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിക്കുന്നതിന് വരുന്ന പക്ഷം മറ്റുള്ളവര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് വിശ്രമിക്കുന്നതിന് വേറെ ഹാളില്‍ സൗകര്യം ഒരുക്കും.
വരണാധികാരി/ഉപവരണാധികാരി പത്രിക സ്വീകരിക്കുന്ന വേളയില്‍ നിര്‍ബന്ധമായും മാസ്‌ക്, കൈയുറ, ഫെയ്‌സ് ഷീല്‍ഡ് എന്നിവ ധരിക്കും. ഓരോ സ്ഥാനാര്‍ഥിയുടെയും നോമിനേഷന്‍ സ്വീകരിച്ചതിന് ശേഷം വരണാധികാരി/ ഉപവരണാധികാരി സാനിറ്റൈസര്‍ ഉപയോഗിക്കണം. സെക്യൂരിറ്റി നിക്ഷേപം ട്രഷറിയിലോ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലോ ഒടുക്കിയതിന്റെ ചെല്ലാന്‍/ രസീത് ഹാജരാക്കണം. നോമിനേഷന്‍ സമര്‍പ്പിക്കാന്‍ വരുന്ന ഒരു സ്ഥാനാര്‍ഥിക്ക് ഒരു വാഹനം മാത്രമേ പാടുള്ളു.
സ്ഥാനാര്‍ഥിയോടൊപ്പം ആള്‍ക്കൂട്ടമോ, ജാഥയോ, വാഹനവ്യൂഹമോ പാടില്ല. കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവരോ, ക്വാറന്റനിലുള്ളവരോ മുന്‍കൂട്ടി അറിയിച്ച് വേണം നോമിനേഷന്‍ സമര്‍പ്പിക്കാന്‍ ഹാജരാകേണ്ടത്. വരണാധികാരികള്‍ അവര്‍ക്ക് പ്രത്യേക സമയം അനുവദിക്കേണ്ടതും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുമാണ്.
സ്ഥാനാര്‍ഥി കോവിഡ് പോസിറ്റീവ് ആണെങ്കിലോ, ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം ക്വാറന്റനില്‍ ആണെങ്കിലോ നാമനിര്‍ദേശ പത്രിക നിര്‍ദേശകന്‍ മുഖാന്തിരം സമര്‍പ്പിക്കണം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മുന്‍പാകെ സ്ഥാനാര്‍ഥിക്ക് സത്യപ്രതിജ്ഞ ചെയ്ത് ഒപ്പ് രേഖപ്പെടുത്താം. സത്യപ്രതിജ്ഞാരേഖ വരണാധികാരി മുന്‍പാകെ ഹാജരാക്കേണ്ടതാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള നിയമപരമായ എല്ലാ വ്യവസ്ഥകളും നിര്‍ബന്ധമായും പാലിച്ചിരിക്കണം.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രധാന തീയതികള്‍
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും – 2020 നവംബര്‍ 12 (വ്യാഴം).
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി – 2020 നവംബര്‍ 19 (വ്യാഴം).
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന- 2020 നവംബര്‍ 20 വെള്ളി.
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി- 2020 നവംബര്‍ 23 (തിങ്കള്‍).
വോട്ടെടുപ്പ് നടത്തുന്നതിനുള്ള തീയതി- 2020 ഡിസംബര്‍ എട്ട് (ചൊവ്വ).
വോട്ടെടുപ്പ് സമയം- രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെ.
വോട്ടെണ്ണല്‍ നടത്തുന്നതിനുള്ള തീയതി(വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും)- 2020 ഡിസംബര്‍ 16 (ബുധന്‍).
തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി- 2020 ഡിസംബര്‍ 23 (ബുധന്‍).
തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് സമര്‍പ്പിക്കാനുള്ള അവസാന തീയതി- 2021 ജനുവരി 14 (വ്യാഴം).