പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജാഥ സംഘടിപ്പിക്കുന്ന ഒരു പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ജാഥ തുടങ്ങുന്നതിനുള്ള സമയവും സ്ഥലവും പോകേണ്ടവഴിയും ജാഥ അവസാനിക്കുന്ന സമയവും സ്ഥലവും മുന്‍കൂട്ടി തീരുമാനിച്ച് ബന്ധപ്പെട്ടവരില്‍ നിന്ന് അനുവാദം വാങ്ങണം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ട നിബന്ധന.
മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ മാറ്റം വരുത്താന്‍ പാടുള്ളതല്ല. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചാകണം രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഥകളും യോഗങ്ങളും നടത്തേണ്ടത്. സാമൂഹ്യ അകലം പാലിച്ചും കൈകള്‍ സാനിറ്റൈസ് ചെയ്തും മാസ്‌ക് ധരിച്ചും പരിപാടികള്‍ സംഘടിപ്പിക്കണം. പരിപാടിയെപ്പറ്റി പോലീസ് അധികാരികളെ സംഘാടകര്‍ മുന്‍കൂട്ടി വിവരം അറിയിക്കണം. ജാഥ പോകേണ്ട പ്രദേശങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള നിരോധന ഉത്തരവുകള്‍ പ്രാബല്യത്തിലുണ്ടോയെന്ന് സംഘാടകര്‍ അന്വേഷിച്ച് നിരോധനങ്ങള്‍ ഉണ്ടെങ്കില്‍ അവ പാലിക്കണം.
ഗതാഗത തടസം ഉണ്ടാകാത്തവിധം ജാഥയുടെ ഗതി നിയന്ത്രിക്കാന്‍ സംഘാടകര്‍ മുന്‍കൂട്ടി നടപടികള്‍ സ്വീകരിക്കണം. ജാഥ കടന്ന് പോകുന്ന റോഡുകളിലും പ്രധാന ജംഗ്ഷനുകളിലും ഗതാഗത തടസമുണ്ടാക്കാന്‍ പാടുള്ളതല്ല. ജാഥകള്‍ കഴിയുന്നിടത്തോളം റോഡിന്റെ വലതു വശത്ത് ക്രമപ്പെടുത്തേണ്ടതും പോലീസിന്റെ നിര്‍ദേശവും ഉപദേശവും കര്‍ശനമായി പാലിക്കേണ്ടതുമാണ്.
മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗങ്ങളെയോ അവരുടെ നേതാക്കളെയോ പ്രതിനിധാനം ചെയ്യുന്ന കോലങ്ങള്‍ കൊണ്ടുപോകുന്നതിനും പരസ്യമായി അവ കത്തിക്കുന്നതും അനുവാദമില്ല. ഇങ്ങനെയുള്ള പ്രകടനങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോ സ്ഥാനാര്‍ഥിയോ നടത്തിയാല്‍ അത് പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കും.
രണ്ടോ അതിലധികമോ രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ഏകദേശം ഒരേ സമയത്തുതന്നെ ഒരേ വഴിയിലൂടെയോ അതിന്റെ ഭാഗങ്ങളിലൂടെയോ ജാഥ നടത്തുന്നുണ്ടെങ്കില്‍ സംഘാടകര്‍ മുന്‍കൂട്ടി പരസ്പരം ബന്ധപ്പെടേണ്ടതാണ്. ജാഥകള്‍ തമ്മിലുള്ള സംഘട്ടനം ഒഴിവാക്കുന്നതിനും ഗതാഗത തടസം സൃഷ്ടിക്കാതിരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കണം. ഇതിനായി നേരത്തെ തന്നെ പാര്‍ട്ടികള്‍ പോലീസുമായി ബന്ധപ്പെടണം. സംഘര്‍ഷാവസ്ഥയ്ക്ക് കാരണമാകുന്ന സാധന സാമഗ്രികള്‍ ഒന്നുംതന്നെ ജാഥയില്‍ പങ്കെടുക്കുന്നവര്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല.