ചെന്നൈ : കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ മദ്രാസ് ഹൈക്കോടതിയിൽ. ഉത്തരവുകളിലോ വിധിന്യായങ്ങളിലെ രേഖപ്പെടുത്തിയിരിക്കുന്ന നിരീക്ഷണങ്ങളിൽ മാധ്യമ റിപ്പോർട്ടുകൾ ഒതുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കോവിഡ് രണ്ടാം തരംഗത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ മാത്രമാണെന്നും ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടി വരുമെന്നുമുള്ള മദ്രാസ് ഹൈക്കോടതിയുടെ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് ഹർജിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ എത്തിയത്.
വോട്ടെണ്ണൽ കേന്ദ്രവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി എം.ആർ. വിജയഭാസ്കർ സമർപ്പിച്ച പരാതി പരിഗണിക്കവെയാണ് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. എന്നാൽ ആ ദിവസം പുറപ്പെടുവിച്ച ഉത്തരവിൽ ഈ വാക്കാലുള്ള നിരീക്ഷണം രേഖപ്പെടുത്തിയിട്ടില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. വിമർശനങ്ങൾ മാധ്യമങ്ങളിൽ വാർത്തയായത് തങ്ങളുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തി. ഒരു സ്വതന്ത്ര ഭരണഘടനാ ഏജൻസിയെന്ന നിലയിൽ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റു. ഇത് ജനാധിപത്യത്തിലും ജനാധിപത്യ പ്രക്രിയകളിലുമുള്ള ജനങ്ങളുടെ വിശ്വാസം കുറയ്ക്കാൻ ഇടയാക്കുമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
കോവിഡ് വ്യാപനം നിലനിൽക്കുന്നതിനിടെ അഞ്ച് സംസ്ഥാനങ്ങളിൽ വൻ ജനപങ്കാളിത്തത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിച്ചതാണ് കോടതിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയത്. വോട്ടെണ്ണുന്നതിനെക്കുറിച്ച് കൃത്യമായ രൂപരേഖ തയാറാക്കിയില്ലെങ്കിൽ വോട്ടെണ്ണൽ തടയുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന സമയത്ത് നിങ്ങൾ വേറെ ഏതെങ്കിലും ഗ്രഹത്തിലായിരുന്നോ എന്നും ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജി ചോദിച്ചിരുന്നു. പൊതുജനാരോഗ്യമാണ് പരമപ്രധാനം. ജീവിച്ചിരുന്നാൽ മാത്രമേ ഒരാൾക്ക് ജനാധിപത്യവും അവകാശങ്ങളും ആസ്വദിക്കാൻ സാധിക്കൂവെന്നും കോടതി വിലയിരുത്തി. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലാണ് കോവിഡ് കുത്തനെ കുതിച്ചുയർന്നതെന്നും കോടതി നിരീക്ഷിച്ചു.