കൊച്ചി: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ക്രിമിനല്‍ കേസുകള്‍ റദ്ദാക്കാനും ജാമ്യമെടുക്കാനും നേതാക്കളുടെ പരക്കംപാച്ചില്‍. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതിയുള്ളതിനാല്, എം.എല്‍.എമാര്‍ക്കും മറ്റും ഈ കോടതിയെ സമീപിച്ച് കേസുകളില്‍ തടയിടാം. എന്നാല്‍, സ്ഥാനാര്‍ഥിമോഹികളായ നേതാക്കള്‍ക്കാണ് കേസുകള്‍ ഇപ്പോള്‍ തലവേദനയായിരിക്കുന്നത്. കീഴ്ക്കോടതികളെ സമീപിച്ചും ഹൈക്കോടതിയില്‍ കേസുകള്‍ റദ്ദാക്കാന്‍ ഹർജികള്‍ നല്‍കിയും സാഹചര്യം നേരിടാനുള്ള നെട്ടോട്ടത്തിലാണിവര്‍.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നൂറുകണക്കിന് നേതാക്കള്‍ കേസില്‍ നിന്ന് ഒഴിവാകാനും നടപടികള്‍ തടയാനും കോടതികളെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ശനിയാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രത്യേക കോടതിയിലെത്തി ജാമ്യമെടുത്തു. മെട്രോ റെയില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രതിഷേധ കൂട്ടയാത്ര നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളിലടക്കം പ്രതികളാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും നിലവിലെ പല എം.എല്‍.എമാരുമടക്കമുള്ള നേതാക്കള്‍.
പ്രതിഷേധ സമരങ്ങളുടെ ഭാഗമായി പൊതുസ്വത്ത് നശിപ്പിച്ചതിനടക്കം ഒട്ടേറെ നേതാക്കള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. സ്ഥാനാര്‍ത്ഥിയായി നറുക്ക് വീണാല്‍ ഈ കേസുകള്‍ തടസ്സമാകാതിരിക്കാനാണ് നെട്ടോട്ടം. നാമനിര്‍ദേശ പത്രികക്കൊപ്പം നല്‍കേണ്ട സത്യവാങ്മൂലത്തില്‍ കേസുകളുടെ വിശദാംശങ്ങളെക്കുറിച്ച് വിവരം തേടുന്നുണ്ട്. കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കോ വാറന്റുണ്ടായിട്ടും കോടതിയില്‍ ഹാജരാവുകയോ ജാമ്യമെടുക്കുകയോ ചെയ്യാതിരുന്നവര്‍ക്കും മത്സരിക്കാനാകില്ല.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒട്ടേറെ കേസുകളില്‍ പ്രതികളായവര്‍ക്ക് ഇതില്‍ പല കേസുകളിലും കോടതി മുഖേന വാറന്റ് ആകാറുണ്ടെങ്കിലും അറിയുന്നതും അറിഞ്ഞാല്‍തന്നെ കോടതിയില്‍ ഹാജരാകുന്നതും വിരളമാണ്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മാസങ്ങളായി കേസുകള്‍ റദ്ദാക്കാനുള്ള ഒട്ടേറെ ഹരജികള്‍ ഹൈക്കോടതിയിലെത്തുന്നുണ്ട്. എം.എല്‍.എമാരടക്കം നിലവിലെ ജനപ്രതിനിധികളും മുന്‍ ജനപ്രതിനിധികളും നല്കിയ ഹർജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ചില കേസുകള്‍ റദ്ദാക്കിയും ചിലതില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ കീഴ്ക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയും തീര്‍പ്പാക്കി.