കോട്ടയം: പി ജെ ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നം എന്താകണമെന്ന പ്രതിസന്ധി ഒഴിയുന്നു. കേരളാ കോണ്‍ഗ്രസ് പി ജെ ജോസഫ് പക്ഷത്തിന് ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നം ലഭിച്ചേക്കും. പക്ഷത്തെ പത്ത് സ്ഥാനാര്‍ത്ഥികള്‍ക്കും ചിഹ്നത്തില്‍ മത്സരിക്കാം.
ചങ്ങനാശേരിയില്‍ ഇന്ത്യന്‍ സെക്യുലര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ബേബിച്ചന്‍ മുക്കാടന്റെ പത്രിക സ്വതന്ത്ര വിഭാഗത്തില്‍ പരിഗണിച്ചതോടെയാണ് നടപടി. ഇദ്ദേഹവും ആവശ്യപ്പെട്ടത് ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നമായിരുന്നു. പാര്‍ട്ടിയുടെ സീലും മറ്റ് രേഖകളും ഇല്ലാത്തതിനാല്‍ പത്രിക തള്ളിയിരുന്നു. പാര്‍ട്ടിയും സ്വതന്ത്രനും ഒരേ ചിഹ്നം ആവശ്യപ്പെട്ടാന്‍ പാര്‍ട്ടിക്കായിരിക്കും മുന്‍തൂക്കം. അതിനാലാണ് പി ജെ ജോസഫിന് ചിഹ്നം ലഭിച്ചത്.
കേരള കോണ്‍ഗ്രസിലെ എല്ലാ സ്ഥാനാര്‍ഥികളും ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകനെയാണ് ചിഹ്നമായി ചോദിച്ചത്. ചങ്ങനാശേരി ഒഴികെ മറ്റ് ഒന്‍പത് മണ്ഡലങ്ങളിലും വേറെ രജിസ്‌ട്രേഡ് പാര്‍ട്ടികള്‍ ഈ ചിഹ്നം ആവശ്യപ്പെട്ടിരുന്നില്ല. ചങ്ങനാശേരിയില്‍ വിജെ ലാലിക്ക് പുറമെ ഇന്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ബേബിച്ചന്‍ മുക്കാടനും ട്രാക്ടര്‍ ആവശ്യപ്പെട്ടതോടെ നറുക്കെടുപ്പ് ആവശ്യമായി വന്നിരുന്നു. പിജെ ജോസഫ് വിഭാഗത്തിന് ചങ്ങനാശേരി സീറ്റ് വിട്ട് നല്‍കിയതിനെ തുടര്‍ന്ന് ഡിസിസി അംഗമായിരുന്ന ബേബിച്ചന്‍ മുക്കാടന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചാണ് മത്സരിക്കാനിറങ്ങിയത്.