തിരുവനന്തപുരം: കുട്ടനാട് ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി എല്‍ഡിഎഫ് യോഗം ഇന്നു ചേരും. വൈകീട്ടാണ് യോഗം. കുട്ടനാട് ഉപതെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ എന്‍സിപി നേതാക്കളുടെ യോഗവും ഇന്ന് നടക്കും. ജനാധിപത്യ കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പ് ഏറെക്കുറെ ഉറപ്പായ പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗമെന്നതും ശ്രദ്ധേയമാണ്. പി ജെ ജോസഫിനൊപ്പം പോകാനുറച്ച ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ട്രഷറര്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് വിട്ടുനില്‍ക്കുമെങ്കിലും ആന്റണി രാജുവും കെ സി ജോസഫും ഇടത് മുന്നണി യോഗത്തില്‍ പങ്കെടുക്കും. യോഗം ബഹിഷ്‌കരിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറയുമ്പോള്‍ ആന്റണി രാജു ഉള്‍പ്പെടെയുള്ളവര്‍ വിയോജിക്കുന്നു.
കുട്ടനാട് ഉപതെരഞ്ഞെടുപ്പാണ് മറ്റൊരു പ്രധാന അജണ്ട. ഇതേ വിഷയവുമായി എന്‍സിപി നേതൃയോഗവും ഇന്ന് ചേരുന്നുണ്ട്. സംസ്ഥാന ഭാരവാഹിയോഗം ചുമതലപ്പെടുത്തിയത് അനുസരിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും രണ്ട് എംഎല്‍എമാരുമാണ് യോഗം ചേരുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം പി മാത്യു, തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് എന്നിവരാണ് പരിഗണനയില്‍. ടി പി പീതാംബരന്‍ തോമസ് കെ തോമസിനു വേണ്ടിയും മാണി സി.കാപ്പന്‍ സലിം പി മാത്യുവിനു വേണ്ടിയും വാദിക്കുന്നവരാണ്. എ കെ ശശീന്ദ്രന്‍ വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിട്ടുമില്ല.