പത്തനംതിട്ട : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ നവമാധ്യമങ്ങൾ വഴി പ്രചാരണം കൊഴുക്കുന്നു. സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾ ഇപ്പോൾ സജീവമാണ്. എല്ലാ പാർട്ടികളും ബൂത്ത് വാർഡ് തലങ്ങളിൽ വാട്സ്ആപ് ഗ്രൂപ്പുകൾ തയാറാക്കി വോട്ടർമാരെ ഉൾപ്പെടുത്തി അവയിലൂടെ മെസേജുകൾ അയച്ച് വോട്ടർമാരെ പാട്ടിലാക്കാൻ ശ്രമം നടത്തുകയാണ്.
വാട്സ്ആപ് ഗ്രൂപ്പിലൂടെ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിന് മെംബർമാരുടെ നിർദേശവും നേതാക്കൾ ആരായുന്നുണ്ട്. പന്തളം നഗരസഭയിൽ കഴിഞ്ഞ രണ്ടുദിവസമായി ചില പ്രദേശങ്ങളിൽ വീടുകൾ കയറി പ്രചാരണവും നടക്കുന്നുണ്ട്. ഇരുമുന്നണിയും ബി.ജെ.പിയും എസ്.ഡി.പി.ഐയും വാർഡുതലങ്ങളിൽ സജീവമാണ്. സ്വതന്ത്ര സ്ഥാനാർഥികളും രംഗത്തുണ്ട്.