പ്രചരണവാഹനം സൗജന്യയാത്രക്കുള്ളതല്ല
തെരഞ്ഞെടുപ്പ് ദിവസം വോട്ടെടുപ്പ് കേന്ദ്രത്തിലേക്കും തിരിച്ചും വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയൊരുക്കാന്‍ പ്രചാരണത്തിന് അനുവാദം ലഭിച്ച വാഹനം ഉപയോഗിക്കാന്‍ അനുവാദമില്ല. അങ്ങനെ ഉപയോഗിക്കുകയാണെങ്കില്‍ അത് തെരഞ്ഞെടുപ്പ് കുറ്റകൃത്യമായി പരിഗണിച്ച് ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 133 പ്രകാരം ശിക്ഷാനടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചുകൊണ്ട് സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്നും വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ലോക്സഭ പ്രചാരണത്തിന് വാഹനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കരുത്. മറിച്ച് കണ്ടെത്തിയാല്‍ അനധികൃത പ്രചാരണം നടത്തുന്നതായി കണക്കാക്കി ഇന്ത്യന്‍ പീനല്‍കോഡിലെ അധ്യായം 9(എ) പ്രകാരമുള്ള ശിക്ഷാ നടപടി സ്വീകരിക്കും. പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും വിശദവിവരങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിച്ച് അനുമതി വാങ്ങിയ ശേഷമേ അവ ഉപയോഗിക്കാവൂ. വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍, അനുമതി ലഭിച്ച തീയതി, സ്ഥാനാര്‍ഥിയുടെ പേര്, പ്രചാരണം നടത്തുന്ന പ്രദേശം എന്നിവ അനുമതിയില്‍ രേഖപ്പെടുത്തിയിരിക്കും. ഈ അനുമതി പത്രത്തിന്റെ അസല്‍ ദൂരെനിന്ന് എളുപ്പത്തില്‍ കാണാവുന്നത്ര വലിപ്പത്തില്‍ വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ പതിച്ചിരിക്കണം. അധികവാഹനം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് സംബന്ധിച്ച വിവരവും അധികൃതരെ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം.
സംസ്ഥാനമൊട്ടാകെ സഞ്ചരിക്കാന്‍
അഞ്ച് വാഹനങ്ങള്‍ക്കുവരെ അനുമതി
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനമൊട്ടാകെ സഞ്ചരിക്കുന്ന വാഹനത്തിന് അനുമതി വാങ്ങേണ്ടത് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറില്‍ നിന്ന്. ഒരു പാര്‍ട്ടിക്ക് അഞ്ച് വാഹനമാണ് സംസ്ഥാന അടിസ്ഥാനത്തില്‍ പ്രചരണത്തിനായി ഉപയോഗിക്കാന്‍ അനുവാദമുണ്ടാകൂ. സ്വകാര്യവാഹനങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ പിടിച്ചെടുക്കുകയും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നത് വരെ കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്യും.
ഒരു വാഹനം ഒരു സ്ഥാനാര്‍ഥിക്ക് മാത്രം
പ്രചാരണത്തിന് ഉപയോഗിക്കുന്ന ഒരു സ്ഥാനാര്‍ഥിക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയ വാഹനം മറ്റൊരു സ്ഥാനാര്‍ഥി ഉപയോഗിക്കാന്‍ പാടുള്ളതല്ല. മറിച്ച് ഉപയോഗിച്ചാല്‍ അനുമതി റദ്ദാവുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. അനുമതി ലഭിച്ച വാഹനം രണ്ട് ദിവസത്തിലധികം ഉപയോഗിക്കുന്നില്ലെങ്കില്‍ അത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കണം. ഇല്ലെങ്കില്‍ വാഹനം ഉപയോഗിക്കുന്നതായി കണക്കാക്കി തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. പ്രചാരണ രംഗത്ത് ഉപയോഗിക്കുന്ന മുഴുവന്‍ വാഹനങ്ങളുടെയും വിശദവിവരങ്ങള്‍ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷരെയും അറിയിച്ചിരിക്കണം.