വോട്ടെടുപ്പ് ദിനത്തിലെ മോക്ക് പോള്‍ ഇങ്ങനെ
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒന്നരമണിക്കൂര്‍ മുമ്പാണ് മോക്ക് പോള്‍ നടത്തുന്നത്. വോട്ടെടുപ്പ് ദിവസം വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് കണ്‍ട്രോള്‍ യൂണിറ്റിലെ റിസള്‍ട്ട് ബട്ടണ്‍ അമര്‍ത്തി കണ്‍ട്രോള്‍ യൂണിറ്റില്‍ വോട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ പോളിംഗ് ഏജന്റുമാരെ ബോധ്യപ്പെടുത്തുന്നതോടെയാണ് മോക്ക്‌പോള്‍ പ്രക്രിയ ആരംഭിക്കുന്നത്. കണ്‍ട്രോള്‍ യൂണിറ്റിലെ ഡിസ്‌പ്ലേയില്‍ എല്ലാ സ്ഥാനാര്‍ഥികള്‍ക്കെതിരെയും പൂജ്യം വോട്ടാണ് അപ്പോള്‍ കാണിക്കുക. ശേഷം വിവിപാറ്റിന്റെ ബാലറ്റ് കമ്പാര്‍ട്ടുമെന്റും തുറന്ന് ശൂന്യമാണെന്ന് പോളിംഗ് ഏജന്റുമാരെ പ്രിസൈഡിങ് ഓഫീസര്‍ ബോധ്യപ്പെടുത്തുന്നു. അതിനുശേഷം പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കുറഞ്ഞത് 50 വോട്ടുകളുള്ള മോക്ക് പോള്‍ നടത്തുന്നു. തുടര്‍ന്ന് കണ്‍ട്രോള്‍ യൂണിറ്റില്‍ രേഖപ്പെടുത്തിയ ഇലക്ട്രോണിക് ഫലം വിവിപാറ്റ് സ്ലിപ്പ് കൗണ്ടുമായി താരതമ്യം ചെയ്ത് പോളിങ് ഏജന്റുമാരെ ബോധ്യപ്പെടുത്തുന്നു. ഇതിന് ശേഷം യഥാര്‍ഥ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് മോക്ക് പോള്‍ ഫലം മായ്ക്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ ‘ക്ലിയര്‍ ബട്ടണ്‍’ അമര്‍ത്തുന്നു. തുടര്‍ന്ന് വോട്ടുകളൊന്നും അവശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ കണ്‍ട്രോള്‍ യൂണിറ്റ് ഡിസ്പ്ലേയില്‍ പൂജ്യം വോട്ടുകള്‍ കാണിക്കുന്നതിന് ‘ടോട്ടല്‍’ ബട്ടണ്‍ അമര്‍ത്തുകയും വിവിപാറ്റ് ബാലറ്റ് കമ്പാര്‍ട്ട്മെന്റ് ശൂന്യമാണെന്ന് വീണ്ടും പോളിംഗ് ഏജന്റുമാരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും സീല്‍ ചെയ്യുന്നു. ഇതിന് ശേഷമാണ് ബൂത്തില്‍ യഥാര്‍ഥ വോട്ടെടുപ്പ് ആരംഭിക്കുക.
ടെണ്ടര്‍ വോട്ടുകള്‍
ഒരാളുടെ വോട്ടവകാശം മറ്റൊരു വ്യക്തി രേഖപ്പെടുത്തിയതായി കണ്ടാല്‍ അയാള്‍ക്ക് ‘ടെണ്ടര്‍ വോട്ട്’ ചെയ്യാന്‍ അവകാശമുണ്ട്. തെരഞ്ഞെടുപ്പിലെ 49 പി ചട്ടം പ്രകാരമാണ് ടെണ്ടര്‍ വോട്ട് ചെയ്യാനാകുന്നത്. പ്രിസൈഡിംഗ് ഓഫീസര്‍ മുമ്പാകെ നേരിട്ടെത്തി തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ച് കള്ളവോട്ടു നടന്നതായി തെളിയിച്ച ശേഷം വോട്ടുയന്ത്രം ഉപയോഗിക്കാതെ ടെണ്ടര്‍ ബാലറ്റ് പേപ്പറില്‍ വോട്ടു രേഖപ്പെടുത്തി നല്‍കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങളും നിര്‍ദേശങ്ങളും പാലിച്ചുള്ളതാവണം ടെണ്ടര്‍ ബാലറ്റ് പേപ്പര്‍. ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും പ്രദര്‍ശിപ്പിച്ച അതേ മാതൃകയില്‍ പേപ്പറിന്റെ മറു വശത്ത് ‘ടെണ്ടര്‍ ബാലറ്റ് പേപ്പര്‍’ എന്ന മുദ്രയുള്ളതാവണം ഇവ.
സഹായി
അന്ധനോ അവശനോ ആയ ആളിന് സ്വന്തമായി വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോധ്യമായാല്‍ വോട്ടര്‍ കൊണ്ടുവരുന്ന സഹായിയെ അനുവദിക്കും. ഇതിനായി സഹായി ഒരു ഡിക്ലറേഷന്‍ എഴുതി നല്‍കേണ്ടതാണ്.
—-
ബൂത്തില്‍ വെയില്‍ കൊള്ളാതെ വരിനില്‍ക്കാന്‍ സൗകര്യം
പോളിംഗ് ബൂത്തുകളില്‍ കര്‍ശനമായി ഹരിത ചട്ടം പാലിക്കും. പോളിങ് ദിവസം എല്ലാ ബൂത്തുകളിലും വെയില്‍ കൊള്ളാതെ വരി നില്‍ക്കാന്‍ കഴിയുന്ന സൗകര്യം ഒരുക്കും. ആവശ്യമായ കുടിവെള്ളം, ഇരിക്കാനുള്ള കസേരകള്‍, കുടിവെള്ള വിതരണം, മൂലയൂട്ടല്‍ സൗകര്യം, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യം, പ്രായമായവര്‍ക്ക് വിശ്രമ സൗകര്യം തുടങ്ങിയവയും പോളിംഗ് ബൂത്തുകളില്‍ ഒരുക്കും. പോളിങ്ങ് ബൂത്തുകളില്‍ റാമ്പുകള്‍ ഉറപ്പാക്കും.