മല്ലപ്പള്ളി: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ നേട്ടം കൊയ്ത് കുന്നന്താനം സ്വദേശി. പഞ്ചായത്തിലെ ഒൻപതാം വാർഡ് മുണ്ടിയപ്പള്ളി തൊട്ടിപ്പാറക്കൽ ബെൻസി കെ. തോമസിന്റെയും ആനി ഉമ്മന്റേയും മകനാണ് ദേശീയ തലത്തിൽ 225 -ാം റാങ്ക് നേടിയ നെവിൻ കുരുവിള തോമസ്. തിരുവല്ല ബിലീവേഴ്‌സ് സ്കൂളിൽ നിന്ന് 98 ശതമാനം മാർക്കോടെ പ്ലസ്‌ടു ജയിച്ച നെവിൻ ഡൽഹി സെയ്ന്റ് സ്റ്റീഫൻസിൽ നിന്ന് ഫിസിക്സ് ബിരുദം നേടി. ഇപ്പോൾ അവിടെത്തന്നെ പൊളിറ്റിക്കൽ സയൻസ് അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്.
പിതാവ് ബെൻസി കെ. തോമസ് മല്ലപ്പള്ളി സി.എം.എസ്.ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലാണ്. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും മുണ്ടിയപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. ആനി ഉമ്മൻ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസില്‍ പന്തളം ഡെപ്യുട്ടി മാനേജരാണ്. മൂത്ത സഹോദരി നവ്യ ആൻ തോമസ് കൊല്ലം ടി.കെ.എം. എഞ്ചിനീയറിങ്ങ് കോളേജ് ആർക്കിടെക്ച്ചറൽ വിഭാഗം അധ്യാപികയാണ്. ഇരട്ടസഹോദരി നീവ അച്ചു തോമസ് അലഹബാദ് സർവകലാശാലയിൽ നിന്ന് കാർഷിക ബിരുദം നേടിയിട്ടുണ്ട്.