ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് സ്വീകാര്യത വർധിച്ച് വരുന്നു. സാധാരണക്കാർക്കും താങ്ങാനാവുന്ന വിലയിൽ വൈദ്യുത മോഡലുകൾ എത്തിയ വർഷമായിരുന്നു 2023. കുറഞ്ഞ മെയിന്റനൻസ്, മികച്ച റേഞ്ച് എന്നിങ്ങനെ അനവധി ഗുണങ്ങളുള്ള ഇവികൾ പെട്രോൾ, ഡീസൽ കാറുകളെക്കാൾ ലാഭകരമാണ്. പരിസ്ഥിതി സൗഹൃദവുമാണ്. ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി വരെ ഇലക്‌ട്രിക് കാർ പുറത്തിറക്കാനുള്ള പരിശ്രമത്തിലാണിപ്പോൾ. 2023-ലെ ഏറ്റവും മികച്ച ഇലക്ട്രിക് കാർ ലോഞ്ചുകൾ ഏതെല്ലാമാണെന്ന് ഒന്നറിഞ്ഞിരുന്നോ.
എംജി കോമെറ്റ്: . 2023 മെയ് മാസത്തിലാണ് രാജ്യത്തെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലിയായ ഇലക്ട്രിക് കാർ എന്ന ഖ്യാതിയോടെ കോമെറ്റ് വിപണിയിലെത്തുന്നത്. 7.98 ലക്ഷം രൂപയിൽ തുടങ്ങി 9.98 ലക്ഷം രൂപ വരെയുള്ള വ്യത്യസ്‌ത വേരിയന്റുകളിലും ഈ കുഞ്ഞൻ കാർ സ്വന്തമാക്കാനാവും. മൈക്രോ ഹാച്ചിന് താരതമ്യേന ചെറിയ 17.3 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. പക്ഷേ ഒറ്റ ചാർജിൽ ഏകദേശം 230 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ കഴിയും. ദൈനംദിന ആവശ്യങ്ങൾക്കും സിറ്റി യാത്രകൾക്കുമായി ചെറിയ കുടുംബത്തിന് ഈ മൈക്രോ ഇവിയെ കൊണ്ടുനടക്കാനാവും. കാഴ്ച്ചയിൽ സുരക്ഷയൊന്നും തോന്നിയില്ലെങ്കിലും മികച്ച സേഫ്റ്റി റേറ്റിംഗോടെയാണ് വാഹനം വരുന്നത്. 41 bhp പവറിൽ 110 Nm torque നൽകുന്ന ഇലക്ട്രിക് മോട്ടോറുമായാണ് ബാറ്ററി പായ്ക്ക് ജോഡി.
സിട്രൺ eC3: താങ്ങാനാവുന്ന വിലയിൽ ഒരു ബജറ്റ് ഇലക്ട്രിക് വാഹനം തേടുന്നവർക്കുള്ള അടുത്ത ഉത്തരമാണ് ഫ്രഞ്ച് വാഹന നിർമാതാക്കളുടെ eC3. ഈ വർഷം ഫെബ്രുവരിയിൽ 11.50 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇവി അവതരിപ്പിക്കപ്പെടുന്നത്. ജനപ്രിയനായ C3 ഹാച്ച്ബാക്കിന്റെ പൂർണ വൈദ്യുത പതിപ്പ് എന്ന നിലയിൽ വാഹനം സ്വീകാര്യത നേടി. സിംഗിൾ ചാർജിൽ 320 കിലോമീറ്റർ റേഞ്ച് നൽകാനാവും. 56 bhp കരുത്തിൽ 143 Nm torque ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറിലേക്ക് ബാറ്ററി ഘടിപ്പിച്ചിരിക്കുന്നത്. കോമെറ്റിനേക്കാൾ പ്രായോഗികമായ ഇലക്ട്രിക് കാർ മുടക്കുന്ന വിലയ്ക്കുള്ള മൂല്യവും നൽകുന്നുണ്ട്.
മഹീന്ദ്ര XUV400: ബ്രാൻഡ് നിരയിലെ ഏറ്റവും ഫാൻസുള്ള XUV300 കോംപാക്‌ട് എസയുവിയുടെ ഓൾ-ഇലക്‌ട്രിക് വകഭേദമാണ് XUV400. ഈ വർഷം ആദ്യം വിപണിയിലെത്തിയ ഇവിയും മഹീന്ദ്രയുടെ ഈ തുറുപ്പുഗുലാനാണ്. ടാറ്റ നെക്സോണുമായി മത്സരിക്കുന്ന കോംപാക്‌ട് ഇലക്ട്രിക് എസ്‌യുവിക്ക് 16 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. രണ്ട് വേരിയന്റുകളിലും രണ്ട് ബാറ്ററി ഓപ്‌ഷനുകളോടെയുമാണ് മോഡൽ സ്വന്തമാക്കാനാവുന്നത്. 34.5 kWh ബാറ്ററി പായ്ക്കും 3.2kW ചാർജറുമായാണ് EC ട്രിം വരുന്നത്. ഇതിന് ഒറ്റ ചാർജിൽ 375 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ കഴിയും. അതേസമയം മറുവശത്ത് EL വേരിയന്റിന് വലിയ 39.4kWh ബാറ്ററിയും 7.2kW ചാർജിംഗ് ശേഷിയും ലഭിക്കുന്നു. സിംഗിൾ ചാർജിൽ 456 കിലോമീറ്ററിന്റെ റേഞ്ചാണ് മഹീന്ദ്ര XUV400 ഇവിയുടെ EL പതിപ്പുകളിൽ അവകാശപ്പെടുന്നത്. പ്രതിമാസം ശരാശരി 500 യൂണിറ്റ് വിൽപ്പനയാണ് XUV400 ഇവി നേടുന്നത്.
ഹ്യുണ്ടായി അയോണിക് 5: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ രാജ്യത്തെ രണ്ടാമത്ത ഇലക്ട്രിക് കാറായാണ് അയോണിക് 5. ഇന്ത്യയിൽ കംപ്ലീറ്റ്ലി നോക്ക്ഡ് ഡൌൺ യൂണിറ്റായി ഇറക്കുമതി ചെയ്യുന്ന എസ്‌യുവിക്ക് 45.95 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഹ്യുണ്ടായി ഗ്രൂപ്പിന്റെ E-GMP പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള അയോണിക് കിയ EV6 ഇവിയും ഇതേ പ്ലാറ്റ്‌ഫോമിലാണ് പണികഴിപ്പിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 631 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 72.6 kWh ബാറ്ററി പായ്ക്കാണ് ഹ്യുണ്ടായി അയോണിക് 5 എസ്‌യുവിയിൽ സജ്ജീകരിച്ചിരിക്കുന്നത്. 350 kW DC ചാര്‍ജര്‍ വഴി 18 മിനിറ്റിനുള്ളില്‍ വാഹനം 10-80 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും. ആറ് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, എഞ്ചിന്‍ പാര്‍ക്കിംഗ് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ലെവല്‍-2 ADAS എന്നിവയാണ് സേഫ്റ്റി ഫീച്ചറുകളാലും ഇലക്ട്രിക് ക്രോസ് ഓവർ സമ്പന്നമാണ്.
ബിഎംഡബ്ല്യു iX1: മൂന്നാം തലമുറ X1 എസ്‌യുവിയെ അടിസ്ഥാനമാക്കി ജർമൻ ബ്രാൻഡ് പണിതിറക്കിയ iX1 ഇലക്ട്രിക്കും ഇന്ത്യയിൽ എത്തിയ വർഷമായിരുന്നു 2023. 66.90 ലക്ഷം രൂപ വിലയിൽ എത്തുന്ന വാഹനത്തിൽ 66.4kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 440 കിലോമീറ്റർ റേഞ്ച് നൽകാൻ ശേഷിയുള്ള മോഡൽ സമ്പൂർണ ഇറക്കുമതിയായാണ് നമ്മുടെ രാജ്യത്ത് എത്തുന്നത്.
































