റാന്നി : തടികൾക്കൊപ്പം വാഹന യാത്രക്കാര്‍ക്ക് കെണിയായി വൈദ്യുതി തൂണുകളും. റോഡുകളുടെ വശങ്ങളിൽ ഇറക്കിയിട്ടിരിക്കുന്ന തൂണുകളാണ് ഭീഷണിയാകുന്നത്. റാന്നി താലൂക്കിലെ മിക്ക റോഡുകളിലും കോൽ തടികളും തടി കഷണങ്ങളും ഇറക്കിയിട്ടുണ്ട്. മാസങ്ങൾക്കു മുൻപ് ഇറക്കിയിട്ട തടികളും നീക്കിയിട്ടില്ല. വാഹന യാത്രക്കാർക്കു വിനയായി അവ ടാറിങ്ങിനോടു ചേർന്നു കിടക്കുകയാണ്. സ്ഥിരമായി തടികൾ ഇറക്കുന്നതിനാൽ വശങ്ങൾ ചെളിക്കുഴിയായി മാറുകയാണ്. ഇതിനു പുറമേയാണ് വൈദ്യുതി തൂണുകൾ വശങ്ങളിൽ ഇറക്കുന്നത്.
കെഎസ്ഇബി റാന്നി നോർത്ത്, സൗത്ത്, വടശേരിക്കര, പെരുനാട്, വെച്ചൂച്ചിറ എന്നീ സെക്‌ഷനുകളിൽ അടിയന്തിര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി വൈദ്യുതി തൂണുകൾ ഇറക്കിയിടുന്നുണ്ട്. ജീവനക്കാരുടെ സൗകര്യാർഥം അവ വിവിധ റോഡുകളുടെ വശങ്ങളിലാണ് ഇറക്കുന്നത്. സെക്‌ഷനുകളിൽ യാഡ് ഇല്ലാത്തതിനാൽ റോഡിന്റെ വശങ്ങളാണ് ഉപയോഗിക്കുന്നത്. ടാറിങ്ങിനോടു ചേർന്നാണ് കോൺക്രീറ്റ്, ഇരുമ്പ് തൂണുകൾ ഇറക്കുന്നത്. വശം ചേർക്കുന്ന വാഹനങ്ങൾ അവയിൽ ഇടിച്ചു കയറാനുള്ള സാധ്യത കൂടുതലാണ്. മാസങ്ങളോളം തൂണുകൾ കിടക്കുന്നതിനാൽ എപ്പോഴും അപകട സാധ്യത നിലനിൽക്കുന്നു. റോഡിലെ തടസ്സങ്ങൾ നീക്കാൻ പിഡബ്ല്യുഡി ഇടപെടുന്നുമില്ല.