പത്തനംതിട്ട : ജില്ലയിൽ സർക്കാർ സ്ഥാപനങ്ങൾ വരുത്തിയ വൈദ്യുതി ബിൽ കുടിശിക 20 കോടി കടന്നു. മാസങ്ങളായി ഒരു രൂപ പോലും വൈദ്യുതി ബിൽ അടയ്ക്കാത്ത നിരവധി സർക്കാർ സ്ഥാപനങ്ങളുണ്ട്. പോലീസ്, വില്ലേജ് ഓഫീസുകൾ, പഞ്ചായത്ത് ഓഫീസുകൾ, ആശുപത്രികൾ, വാട്ടർ അതോറിറ്റി തുടങ്ങിയവയാണ് പ്രധാനമായും കുടിശിക വരുത്തിയിരിക്കുന്നത്. സർക്കാരിന്റെ അവശ്യസേവന വിഭാഗമെന്ന ഒറ്റ പരിഗണനയിലാണ് കെ.എസ്.ഇ.ബി ഈ സ്ഥാപനങ്ങളുടെ ഫ്യൂസ് ഊരാതിരിക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ വൈദ്യുതി കുടിശിക വരുത്തിയ സർക്കാർ ഓഫീസ് വാട്ടർ അതോറിറ്റിയാണ്.
കഴിഞ്ഞ വർഷം ഒക്ടോബർ വരെ 52 കോടിയായിരുന്നു കുടിശിക. വൈദ്യുതി ബിൽ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്ന് ചൂണ്ടിക്കാട്ടി വിവിധ സമയങ്ങളിൽ നോട്ടീസ് നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഒടുവിൽ സർക്കാർ തലത്തിൽ ഇടപെട്ടതിനെ തുടർന്ന് 50 കോടി അടച്ചു. ഇപ്പോൾ 9.1കോടിയാണ് കുടിശിക. വലിയ കുടിശിക വരുത്താത്തത് വില്ലേജ്, പഞ്ചായത്ത് ഓഫീസുകളാണ്. രണ്ടു മാസത്തിലധികം കുടിശിക ഉണ്ടാകാറില്ല. പത്തനംതിട്ട ജനറൽ ആശുപത്രി നാലുകോടിയോളം രൂപ കുടിശിക വരുത്തിയിരുന്നു. ആശുപത്രി ജില്ലാ പഞ്ചായത്തിന് കൈമാറിയതോടെ കുടിശികയുടെ ബാദ്ധ്യത നഗരസഭയിൽ നിന്ന് ഒഴിവായെന്നാണ് അവർ അവകാശപ്പെടുന്നത്. ജില്ലാ പഞ്ചായത്തിന് കൈമാറിയ ശേഷം 64,000 രൂപയുടെ കുടിശികയാണുള്ളത്.