പത്തനംതിട്ട : കോവിഡ് കാലം സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുവാനുള്ള അവസരമാക്കി മാറ്റിയതായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. അമിത വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനക്കെതിരെ കെ.പി.സി.സി ആഹ്വാനമനുസരിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട കെ.എസ്.ഇ.ബി സര്‍ക്കിള്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് സാഹചര്യത്തില്‍ ലേക്ഡൗണ്‍ മൂലം സമസ്ത മേഖലയിലുമുള്ള ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ അമിതമായി വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ് പിണറായി സര്‍ക്കാര്‍. 600 രൂപയുടെ കിറ്റ് നല്‍കി പകരം 6000 രൂപ ജനങ്ങളില്‍നിന്നും പിടിച്ചുപറിക്കുകയാണ്. ഖജനാവ് തിന്നുമുടിച്ച തോമസ് ഐസക്കിന്റെ ബുദ്ധിയാണിതിനു പിന്നിലെന്നും കൊടിക്കുന്നില്‍ ആരോപിച്ചു. പെട്രോള്‍, ഡീസല്‍ പാചകവാതകം എന്നിവയുടെ നികുതി കുറക്കാതെ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുകയാണ് സര്‍ക്കാര്‍. എല്ലാം കേന്ദ്രസര്‍ക്കാരില്‍ പഴിചാരി രക്ഷപെടാനുള്ള ശ്രമം പ്രബുദ്ധ കേരളത്തില്‍ വിലപ്പോകില്ലെന്നും വൈദ്യതി ചാര്‍ജ്ജ് വര്‍ദ്ധന പിന്‍വലിക്കുന്നതുവരെ കോണ്‍ഗ്രസ് ശക്തമായ സമരം തുടരുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
ഭീമമായ രീതിയില്‍ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍ നടപടി അംഗികരിക്കില്ലെന്നും ഇതിനെതിരെ ജില്ലയില്‍ സമരം ശക്തമാക്കുമെന്നും പ്രതിഷേധ സമരത്തില്‍ അധ്യക്ഷത വഹിച്ച ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു.
ആന്റോ ആന്‍റണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശിവദാസന്‍ നായര്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ്, ഡി.സി.സി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതി പ്രസാദ്, എ. സുരേഷ് കുമാര്‍, റിങ്കു ചെറിയാന്‍, അനില്‍ തോമസ്, റോബിന്‍ പീറ്റര്‍, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം, റോഷന്‍ നായര്‍, ജോണ്‍സണ്‍ വിളവിനാല്‍, സജി കൊട്ടക്കാട്, എം.എസ് പ്രകാശ്, എം.സി ഷെറീഫ്, കെ. ജാസിംകുട്ടി, വി. ആര്‍ സോജി, സിന്ധു അനില്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അബ്ദുള്‍ കലാം ആസാദ്, മണ്ഡലം പ്രസിഡന്റ് റനീസ് മുഹമ്മദ്, പോഷക സംഘടനാ ജില്ലാ പ്രസിഡന്‍റുമാരായ അന്‍സര്‍ മുഹമ്മദ്, സലിം പി. ചാക്കോ, എസ്.പി സജന്‍ എന്നിവര്‍ പ്രസംഗിച്ചു.