പാലക്കാട്: സംസ്ഥാനത്ത് അമിത ലോഡ് വഹിക്കുന്നതിന് പിന്നാലെ ട്രാൻസ്ഫോർമറുകൾ പണിമുടക്കുന്നത് ഇപ്പോൾ പതിവാകുന്നു. വൈദ്യുതി ഉപഭോഗം പ്രതിദിനം കുതിച്ചുയരുന്നതിനാൽ അമിത ലോഡിൽ ട്രാൻസ്ഫോർമറുകൾ കേടാവുകയാണ്. പക്ഷെ ഇതിന് ആവശ്യമായ സംവിധാനമൊരുക്കുന്നതിനോ പ്രശ്‌നം പരിഹരിക്കാനോ കഴിയാതെ വലയുകയാണ് കെഎസ്ഇബി. നിലവിൽ ട്രാൻസ്‌ഫോർമറുകളും പുതിയ മീറ്ററും സെക്ഷൻ ഓഫീസുകളിൽ ലഭ്യമല്ല. വ്യവസായ-വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കണക്ഷന് വേണ്ടി പണമടച്ച് കാത്തു നിൽക്കുന്നുവെന്നല്ലാതെ നടപടിയിൽ പുരോഗതിയില്ല.
വ്യാവസായിക-വാണിജ്യ മേഖലകളിൽ ഭൂരിഭാഗവും പകൽ സമയങ്ങളിലെ വൈദ്യുതി ഉപഭോഗം ഏറെയുള്ളവ ആയതിനാൽ വൻ തുകയാണ് കെഎസ്ഇബിയ്‌ക്ക് നഷ്ടമാകുന്നത്. പുതിയ ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കുകയോ അല്ലെങ്കിൽ പഴയ ട്രാൻസ്‌ഫോർമറുകളുടെ ശേഷി വർദ്ധിപ്പിക്കുകയോ ചെയ്താൽ മാത്രമാകും പ്രതിസന്ധിക്ക് പരിഹാരമാകുക. എന്നാൽ ട്രാൻസ്‌ഫോർമറുകൾക്കും എനർജി മീറ്ററുകൾക്കും ഉണ്ടായിരിക്കുന്ന ക്ഷാമം വലിയ പ്രതിസന്ധിക്ക് കാരണമാകുകയാണെന്ന് അധികൃതർ പറയുന്നു.