കൊച്ചി: ഏലൂര്‍ മഞ്ഞുമ്മലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ ഹാറൂണ്‍ ആണ് അറസ്റ്റിലായത്. എലൂര്‍ സി ഐ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം യു പിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസില്‍ ആറു പ്രതികളാണുള്ളത്. ഇതില്‍ രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണ്. മഞ്ഞുമ്മലില്‍ താമസിക്കുന്ന പതിനാലുകാരിയെ ആറ് പേര്‍ ചേര്‍ന്ന് മാസങ്ങളോളം പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് യുപി സ്വദേശികളായ ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ് എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. ഇവരുടെ കൂട്ടാളിയാണ് ഇന്ന് അറസ്റ്റിലായത്.
അമ്മ നേരത്തെ മരിച്ച പെണ്‍കുട്ടി മഞ്ഞുമ്മലില്‍ മുത്തശ്ശനോടും മുത്തശ്ശിയോടൊപ്പമാണ് താമസിക്കുന്നത്. പ്രതികളില്‍ രണ്ട് പേര്‍ ഇവരുടെ വീടിനോട് ചേര്‍ന്നാണ് താമസിച്ചിരുന്നത്. ഈ പ്രതികള്‍ ചേര്‍ന്ന് പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കുട്ടിയെ പീഡനത്തിരയാക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ പീഡനം തുടങ്ങിയെന്നാണ് കുട്ടിയുടെ മൊഴി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.