ന്യൂഡൽഹി: ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എംബസി. ഇസ്രായേൽ – ഇറാൻ സംഘർഷ സാധ്യത കണക്കിലെടുത്താണ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. ഇസ്രായേലിലുള്ള ഇന്ത്യക്കാർ എംബസിയിൽ രജിസ്റ്റർ ചെയ്യാൻ ഫോം നൽകുകയും ചെയ്തിട്ടുണ്ട്. ഇസ്രായേൽ – ഇറാൻ സംഘർഷത്തിൽ കടുത്ത ആശങ്കയാണ് ഇന്ത്യ രേഖപ്പെടുത്തുന്നത്. മേഖലയുടെ സുരക്ഷയേയും സ്ഥിരതയേയും ബാധിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങളെന്നായിരുന്നു വിദേശകാര്യകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. സംഘർഷം അവസാനിപ്പിച്ച് സംയമനത്തോടെ നയതന്ത്ര ചർച്ചകൾക്ക് സാഹചര്യം ഒരുക്കണമെന്നും അക്രമത്തിന്റെ പാത സ്വീകരിക്കരുതെന്നും ഇന്ത്യ അഭ്യർത്ഥിച്ചു. പ്രസ്താവനയിലൂടെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ടത്.
സാഹചര്യം നിരീക്ഷിക്കുകയാണെന്നും മേഖലയിലെ എംബസികൾ ഇന്ത്യൻ സമൂഹവുമായി സമ്പർക്കത്തിലാണെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു. ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഇറാൻ ആക്രമണം നടക്കുന്നത്. ഏത് ആക്രമണവും നേരിടാൻ സജ്ജമാണെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരിക്കുന്നത്. ഇരുന്നൂറോളം മിസൈലുകളും പത്ത് ഡ്രോണുകളും തകർത്തെന്നും ഇസ്രയേൽ സ്ഥിരീകരിച്ചു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇസ്രായേലി ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്തിരുന്നു. യുഎഇയിൽ നിന്ന് മുംബയിലേക്ക് വരികയായിരുന്ന കപ്പലാണ് ഇറാൻ പിടിച്ചെടുത്തിരിക്കുന്നത്. ഇസ്രായേലിലെ ശതകോടീശ്വരനായ ഇയാൽ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സോഡിയാക് ഗ്രൂപ്പിന്റെ കപ്പലാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് (ഐ.ആർ.ജി.എസ്) പിടിച്ചെടുത്തത്. കപ്പലിൽ രണ്ട് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ടുകൾ.