കൊല്ലം : തെരഞ്ഞെടുപ്പ് ദിനത്തില്‍ സ്വന്തം കാറിനുനേരെ പെട്രോള്‍ ബോംബേറ് നാടകം ആസൂത്രണംചെയ്ത കേസില്‍ അറസ്റ്റിലായ ഇ.എം.സി.സി ഡയറക്ടര്‍ ഷിജു എം. വര്‍ഗീസിന്റെ ജാമ്യാപേക്ഷ അഡീഷന്‍സ് സെഷന്‍സ് കോടതി നിരസിച്ചു.
മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ കുണ്ടറ മണ്ഡലത്തില്‍ മത്സരിച്ച ഷിജു എം.വര്‍ഗീസ് കാറിനുനേരെ ആക്രമണമുണ്ടായെന്ന് കാട്ടി കണ്ണനല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണത്തിലാണ് പെട്രോള്‍ ബോംബേറ് നാടകമാണെന്ന് കണ്ടെത്തിയത്. താല്‍ക്കാലിക ഡ്രൈവറായി കാറിലുണ്ടായിരുന്ന പ്രേംകുമാറിനെ ചോദ്യം ചെയ്തതില്‍ യഥാര്‍ഥ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
ആഴക്കടല്‍ മത്സ്യബന്ധന കരാറിനെതിരെ മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളില്‍ പ്രസ്താവന നടത്തിയ വിരോധത്താല്‍ മന്ത്രിക്ക് അപഖ്യാതിയുണ്ടാക്കി തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടി എറണാകുളത്ത് വെച്ച് ഗൂഢാലോചന നടത്തി വിനുകുമാര്‍, കൃഷ്ണകുമാര്‍, ശ്രീകാന്ത്, ഷിജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി ജില്ല ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍. സേതുനാഥ് ഗൂഗിള്‍ മീറ്റില്‍ ഹാജരായി ജാമ്യാപേക്ഷയെ എതിര്‍ത്തു.