പീരുമേട് : ജീവനക്കാരുടെ ശീതസമരം പീരുമേട് താലൂക്ക് ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. തോട്ടം തൊഴിലാളികളും സാധാരണക്കാരും ഏറ്റവും അധികം ആശ്രയിക്കുന്ന പീരുമേട് താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം മന്ദഗതിയിലായി. ഏറ്റവും കൂടുതൽ ആൾക്കാർ ആശ്രയിക്കുന്ന അസ്ഥിരോഗ വിഭാഗത്തിൻ്റെ പ്രവർത്തനം നിലച്ചിട്ട് നാലുമാസം ആകുന്നു. അതോടൊപ്പം തന്നെ മൂന്ന് മാസത്തിലധികമായി എക്സറെ യൂണിറ്റും പ്രവർത്തനരഹിതമാണ്. നിലവിൽ ഉണ്ടായിരുന്ന സർജൻ നീണ്ടകാല ലീവിൽ പോയി. കൂടാതെ മറ്റു വിഭാഗങ്ങളിലുള്ള മൂന്നോളം ഡോക്ടർമാർ സ്ഥലമാറ്റത്തിനോ നീണ്ട അവധിക്കോ അപേക്ഷ സമർപ്പിക്കുമെന്ന് അറിയുന്നു.
ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് കണ്ണ് ഡോക്ടർ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. കൂടാതെ താൽക്കാലിക ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ നിശ്ചയിച്ചിരുന്നത് ബ്ലോക്ക് പഞ്ചായത്ത് ആയിരുന്നു.
എന്നാൽ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബ്ലോക്ക് പഞ്ചായത്തിന് ഇവരുടെ വേതനം നൽകുവാൻ നിർവാഹം ഇല്ലാതായതിനെ തുടർന്ന് ഈ ആളുകൾ പിരിച്ചുവിടൽ ഭീഷണിയുടെ വക്കിലാണ്. 5 അറ്റൻഡർമാർ ഉണ്ടായിരുന്ന താലൂക്ക് ആശുപത്രിയിൽ ഇവരുടെ ജോലി സമയം 15 ദിവസമായി നിജപ്പെടുത്തിയതിനെ തുടർന്ന് മൂന്നുപേർ പിരിഞ്ഞു പോയി. എന്നാൽ മെഡിക്കൽ ലൈബ്രറി റെക്കോർഡ് കീപ്പർ എന്ന തസ്തികയിൽ ‘ എംപ്ലോയ്മെൻറ് വഴി ഉദ്യോഗാർത്ഥിയെ നിയമിക്കണം എന്ന വ്യവസ്ഥ മറികടന്ന് സൂപ്രണ്ട് പത്ര പരസ്യം നൽകി ആളെ നിയമിച്ചിരിക്കുന്നു.
മുൻപ് ഈ ജോലി ചെയ്തിരുന്നത് ഓഫീസ് സ്റ്റാഫുകളാണ്. കാൽ ലക്ഷം രൂപ ശമ്പളം നൽകി പത്തുമണി മുതൽ മൂന്നു മണി വരെയുള്ള സമയം ക്രമപ്പെടുത്തിയാണ് ഈ നിയമനം നടത്തിയിരിക്കുന്നത്. എന്നാൽ രാത്രിയും പകലും ജോലി ചെയ്യുന്ന നഴ്സുമാർക്ക് പതിനാറായിരം രൂപ വരെ മാത്രമാണ് ശമ്പളം ലഭിക്കുന്നത്. ആരോഗ്യമന്ത്രി പീരുമേട് താലൂക്ക് ആശുപത്രി സന്ദർശിച്ച വേളയിൽ മാധ്യമപ്രവർത്തകരും പൊതുജനങ്ങളും ആശുപത്രിയുടെ ഇല്ലായ്മയും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. പീരുമേട് ആശുപത്രിയിലെ മോർച്ചറി യൂണിറ്റിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങൾ നിർമ്മാണത്തിലെ പിഴവ് മൂലം അഴുകി പോകുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. പീരുമേട് താലൂക്ക് ആശുപത്രിയുടെ ഈ അവസ്ഥയ്ക്ക് കാരണം സൂപ്രണ്ടിനെ പിടിവാശിയാണെന്ന് നാട്ടുകാരും ജീവനക്കാരും ഒരുപോലെ ആരോപിക്കുന്നു.