ചേര്‍ത്തല : ഈണരാവിന് കാത്തുനില്‍ക്കാതെ ജെ.പി എന്ന ജയപ്രകാശ് പി.സി (54 ) വിടപറഞ്ഞു. ഏറെ നാളായി ഡയാലിസിസില്‍ കൂടിയായിരുന്നു ജീവിതം. വൃക്ക മാറ്റിവെക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് വേണ്ടി പണം കണ്ടെത്തുന്ന തിരക്കിലായിരുന്നു ജെ.പിയും സുഹൃത്തുക്കളും. കുറച്ചുനാള്‍കൂടി ജീവിക്കണമെന്ന മോഹം ബാക്കി വെച്ചിട്ടാണ് ജെ.പി യാത്രയായത്.
ജയപ്രകാശിന്റെ ചികിത്സക്ക് പണം സ്വരൂപിക്കുന്നതിനുവേണ്ടി ചേര്‍ത്തലയിലെ കലാസൗഹൃദ കൂട്ടായ്മ ഈണരാവ് എന്ന മെഗാ ഇവന്റിന്റെ പണിപ്പുരയിലായിരുന്നു. മാര്‍ച്ച് 7 ന് ചേര്‍ത്തല ഹില്‍ടോപ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ഭക്ഷ്യ വകുപ്പ് മന്ത്രി പി . തിലോത്തമന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന ഈ മെഗാ ഇവന്റിലൂടെ ലഭിക്കുന്ന പണം ജയപ്രകാശിന് വൃക്ക മാറ്റിവെക്കുന്നതിനുവേണ്ടി ഉപയോഗിക്കുവാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനു കാത്തുനില്‍ക്കാതെ ഇന്ന് ഉച്ചയോടെ ജെ.പി വിട പറഞ്ഞു.
വാരനാട് ഈണം കസെറ്റ് സെന്ററിലൂടെ ചേര്‍ത്തലയിലെ സുപരിചിതമായ മുഖമായിരുന്നു ജെ.പിയുടേത്. കേരളാ വീഡിയോ ലൈബ്രറി അസോസിയേഷന്‍ ഉള്‍പ്പെടെ നിരവധി സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജയപ്രകാശ് ഒരു മികച്ച സംഘാടകനുമായിരുന്നു.
ഭാര്യ -ഗീത , മക്കള്‍ -അഞ്ജലി, അഖില. മരുമകന്‍ – അനന്ദകൃഷ്ണന്‍. പൊന്നമ്മയാണ് മാതാവ്. മൃതദേഹം മൊബൈല്‍ മോര്‍ച്ചറിയില്‍ വീട്ടില്‍. സംസ്കാരം നാളെ 3 മണിക്ക് ചേര്‍ത്തല വാരനാട് പാട്ടുകുളങ്ങര വീട്ടു വളപ്പില്‍ നടക്കും.
ഫോണ്‍ – 94468 07917 (പുഷ്പന്‍)