തോട്ടഭാഗം : മനയ്ക്കച്ചിറയിലെ ടി.കെ.റോഡ് പുറമ്പോക്ക് കൈയേറ്റത്തിനെതിരേ പൊതുമരാമത്ത് എടുത്ത വകുപ്പുതല നടപടികാറ്റില്‍ പറത്തി അനധികൃത കയ്യേറ്റവും നിർമാണങ്ങളും നിർബാധം നടക്കുന്നു. വടയത്രപടിക്ക് സമീപത്തെ അനധികൃത നിർമാണം നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ട് വ്യക്തിക്ക് നിരത്തുവിഭാഗം നോട്ടീസ് നൽകിയിരുന്നു. പുറമ്പോക്ക് കൈയേറി പ്രവേശന കവാടവും മതിലും പണിതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആയിരുന്നിത്. എന്നിട്ടും പ്രവൃത്തികൾ തുടരുന്നതായി കണ്ടതോടെ പൊതുമരാമത്ത് അധികൃതർ പോലീസിനെ സമീപിച്ചു. ഇക്കാര്യത്തിൽ തോട്ടഭാഗം ചിറത്തലയ്ക്കൽ ഗ്രേയ്‌സ് കോട്ടേജിൽ കുര്യനെതിരേ തിരുവല്ല പോലീസിൽ പരാതി നൽകിയതായി പൊതുമരാമത്ത് അസിസ്റ്റന്റ് എൻജീനിയർ അറിയിച്ചു.
തിരുവല്ല – കുമ്പഴ സംസ്ഥാന പാതയുടെ ടാറിങ് വീതി 7 മീറ്ററാണ്. എന്നാൽ കറ്റോട് മുതൽ മനയ്ക്കച്ചിറ വരെ 3 കിലോമീറ്ററോളം ഭാഗത്ത് റോഡുവശം 30 മുതൽ 50 മീറ്റർ വരെ പുറമ്പോക്കാണ്. മണിമലയാറ്റിൽ നിന്നുള്ള വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ റോഡുവശം ഏറ്റെടുത്ത് അവിടുത്തെ മണ്ണെടുത്ത് റോഡ് ഉയർത്തി. മണ്ണെടുത്ത ഭാഗം കുഴിയായി വർഷങ്ങൾ കിടന്നു. 15 വർഷം മുൻപ് സർക്കാർ 10 കോടി രൂപ അനുവദിച്ച് കുഴിയായി കിടന്ന ഭാഗം മണ്ണിട്ടു റോഡുനിരപ്പാക്കി. ഈ ഭാഗത്തിൽ പകുതിയോളം ഇപ്പോൾ സമീപവാസികളുടെ കയ്യിലാണ്. വീടും മതിലും ഗേറ്റും വരെ പണിതുവച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ കൺമുൻപിലാണ് ഈ കയ്യേറ്റം.