ഇടുക്കി: വിവാദമായ പരുന്തുംപാറയിലെ കൈയേറ്റം ഒഴിപ്പിക്കാൻ അപൂർവ നടപടിയുമായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി. കൈയേറ്റമൊഴിപ്പിക്കുന്നതിന് മുന്നോടിയായി പീരുമേട് താലൂക്കിലെ മൂന്ന് വില്ലേജുകളിൽ രണ്ട് മാസത്തോളം നിരോധനാജ്ഞ പ്രഖ്യാപിച്ചു. പീരുമേട് വില്ലേജിലെ സർവ്വേ നമ്പർ 534, മഞ്ചുമല വില്ലേജിലെ സർവേ നമ്പർ 441, വാഗമൺ വില്ലേജിലെ സർവേ നമ്പർ 724, 813, 896 എന്നിവിടങ്ങളിൽ ഉൾപ്പെട്ട് വരുന്ന പ്രദേശങ്ങളിലാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 163ാം വകുപ്പ് പ്രകാരം ഇന്നലെ മുതൽ മേയ് രണ്ട് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിന് ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘത്തെയും ജില്ലാ കളക്ടർ നിയോഗിച്ചിട്ടുണ്ട്. പീരുമേട് താലൂക്കിൽ ഇതുവരെ പ്രവർത്തിച്ചിട്ടില്ലാത്ത ഉദ്യോഗസ്ഥരെയാണ് സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പീരുമേട് തഹസിൽദാർ സീമ ജോസഫിനെ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റായും നിയമിച്ചിട്ടുണ്ട്. ഈ സ്ഥലത്ത് ക്രമസമാധാന സ്ഥിതി കൈകാര്യം ചെയ്യുന്നതിനായി പീരുമേട് തഹസിൽദാർ സീമ ജോസഫിനെ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റായും നിയമിച്ചു. ഈ സ്ഥലങ്ങളിൽ സർക്കാർ ഭൂമിയിൽ യാതൊരുവിധത്തിലുള്ള അനധികൃത കൈയേറ്റങ്ങളും അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന് പീരുമേട് തഹസിൽദാർ, പീരുമേട് ഡിവൈ.എസ്.പി, ജില്ലാ ജിയോളജിസ്റ്റ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എന്നിവർ ഉറപ്പുവരുത്തണം. ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.