കൊച്ചി: മൂന്നാറിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് (എച്ച്.എൻ.എൽ) സർക്കാർ പാട്ടത്തിന് നൽകിയ ഭൂമിയിലെ കൈയേറ്റം എത്രയുംവേഗം ഒഴിപ്പിക്കണമെന്ന് ഇടുക്കി ജില്ല കളക്ടറോട് ഹൈക്കോടതി. എച്ച്.എൻ.എൽ കമ്പനിയുടെ കൈവശമുള്ളത് സർക്കാർ ഭൂമിയാക്കി കണക്കാക്കാനും സ്ഥലം സ്വന്തമാക്കാൻ സ്വകാര്യ ഭൂമാഫിയക്ക് ഒത്താശ ചെയ്ത റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും ലാൻഡ് റവന്യൂ കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്യുന്ന ഹർജികൾ തള്ളിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വനം വകുപ്പിന്റെ കൈയിലുണ്ടായിരുന്ന ചിന്നക്കനാലിലെ 51.51 ഹെക്ടറാണ് 1992ൽ കരാറിന്റെ അടിസ്ഥാനത്തിൽ എച്ച്.എൻ.എല്ലിന് പാട്ടത്തിന് നൽകിയത്.
എന്നാൽ തങ്ങളുടെ ഭൂമി എച്ച്.എൻ.എൽ കൈയേറിയെന്നാരോപിച്ച് സിബി തോമസ്, അന്തോണിയമ്മാൾ എന്നിവർ നേരത്തെ നൽകിയ ഹർജിയിൽ അന്വേഷണത്തിന് ജില്ല കളക്ടർ ഹൈക്കോടതി ഉത്തരവ് നൽകി. പിന്നീട് അന്തോണിയമ്മാളിന്റെ 2.80 ഏക്കർ താൻ വാങ്ങിയതാണെന്ന് കാട്ടി ആൽബിൻ എന്ന ഹർജിക്കാരൻ വന്നു. മാർക്കോസ് ഐസക് എന്നയാളുടെ 3.25 ഏക്കർ വാങ്ങിയെന്ന് അവകാശപ്പെട്ട് സിബി തോമസും ഹർജി നൽകി. ഇരുവരുടേതും പട്ടയഭൂമിയാണെന്നും ഇപ്പോൾ ഇത് 1999ലെ സൂര്യനെല്ലി യൂക്കാലിപ്ടസ് പ്ലാന്റേഷന്റെ ഭാഗമായി കാണുന്നുവെന്നും വ്യക്തമാക്കി താലൂക്ക് സർവേയർ 2007ൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുവർക്കും ഭൂമി കൈമാറാൻ കളക്ടർ ഉത്തരവിട്ടു.
ഇതിനെതിരെ എച്ച്.എൻ.എല്ലും വനംവകുപ്പും നൽകിയ അപ്പീലിൽ ഇരുവരുടെയും വ്യാജ പട്ടയമാണെന്നും സ്ഥലം ഒഴിപ്പിക്കാനും ലാൻഡ് റവന്യൂ കമ്മീഷണർ ഉത്തരവിട്ടു. തുടർന്ന് ആൽബിനും സിബിയിൽനിന്ന് ഭൂമി വാങ്ങിയയാളെന്ന് അവകാശപ്പെട്ട് ബാബുരാജും കോടതിയെ സമീപിച്ചു. ഹർജിക്കാരെക്കൂടി കേട്ട് തീരുമാനം പുനഃപരിശോധിക്കാൻ നിർദേശിച്ച് കമ്മീഷണറുടെ ഉത്തരവ് കോടതി റദ്ദാക്കുകയുണ്ടായി. രജിസ്റ്ററിലെ ഒപ്പുകളിൽ വ്യത്യാസം, സർവേ നമ്പറുകളിലെ വ്യത്യാസം, സർക്കാറുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഭൂമി എച്ച്.എൻ.എല്ലിന് കൈമാറിയത് തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹർജിക്കാർക്ക് ലാൻഡ് റവന്യൂ കമ്മീഷണർ കാരണംകാണിക്കൽ നോട്ടീസ് നൽകി.
തെളിവെടുപ്പിനായി പലതവണ ആവശ്യപ്പെട്ടിട്ടും രണ്ട് ഹർജിക്കാരും ഹാജരായില്ല. തുടർന്ന് ഇവരുടേത് വ്യാജ പട്ടയമാണെന്ന് വിലയിരുത്തി കമ്മീഷണർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരെ ആൽബിനും ബാബുരാജും കോടതിയെ സമീപിക്കുകയായിരുന്നു. വിശദീകരണത്തിന് അവസരം നൽകാതെയാണ് ഉത്തരവെന്നും ലാൻഡ് റവന്യൂ കമ്മീഷണർക്ക് ഉത്തരവിടാൻ അധികാരമില്ലെന്നും ഇവർ വാദിച്ചു. എന്നാൽ ലാൻഡ് റവന്യൂ കമ്മീഷണർ നോട്ടീസ് നൽകിയിട്ടും ഹാജരാകാതെ ഇവർ എട്ടുമാസത്തോളം തുടർച്ചയായി തെളിവെടുപ്പ് മാറ്റിവെപ്പിച്ചതിൽ ന്യായീകരണമില്ലെന്ന് കോടതി വ്യക്തമാക്കി.
ഭൂപതിവ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ പട്ടയം ലഭിച്ചതിന് രേഖകൾ ഹാജരാക്കാൻ ഇവർക്കായിട്ടില്ല. യുക്തിയില്ലാത്ത തീരുമാനമെന്ന് ബോധ്യപ്പെടാത്ത സാഹചര്യത്തിൽ കമ്മീഷണറുടെ ഉത്തരവ് റദ്ദാക്കാനാവില്ല. ഉദ്യോഗസ്ഥർ രേഖകളിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. തങ്ങൾ അവകാശപ്പെടുന്ന ഭൂമിയുടെ സർവേ നമ്പർ ശരിയാക്കാനുള്ള ശ്രമംപോലും ഹർജിക്കാരിൽനിന്നുണ്ടായില്ലെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് എത്രയുംവേഗം ഭൂമിയിലെ കൈയേറ്റം നീക്കംചെയ്യാൻ കളക്ടർക്ക് നിർദേശം നൽകിയ കോടതി ഹർജികൾ തള്ളിയത്.