തിരുവനന്തപുരം: വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നു മാത്രമല്ല നാലുമാസമായി പെന്‍ഷനും ഇല്ല. വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഈ മാസം 30 ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസം നടത്തും. കഴിഞ്ഞ നാലു മാസത്തിലധികമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും നേരത്തെ മുഖ്യമന്ത്രി നേരിട്ട് കൊടുത്ത ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും സമരസമിതി പറയുന്നു. പെന്‍ഷന്‍ മുടങ്ങുന്നതിന് അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരുവിധ വിശദീകരണം ലഭിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ അനിശ്ചിത കാലസമരം നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
എന്നാല്‍ അന്ന് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിക്കപ്പെട്ടിട്ടില്ലെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി പറയുന്നു. കൂടാതെ കഴിഞ്ഞ നാലു മാസത്തിലധികമായി പ്രതിമാസ പെന്‍ഷന്‍ പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. അനുകൂല നടപടിയില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടെ തീരുമാനം.