തെഹ്റാൻ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സുപ്രധാന പ്രസ്താവന നടത്തി ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയി. ഇറാന്റെ മണ്ണില്‍ നിന്ന് ശത്രുക്കളെ സൈന്യം അറബിക്കടലിലേക്ക് തുരത്തിയതായി മൊജ്തബ ഖമനയി അറിയിച്ചു. ഇറാന്റെ സൈന്യം ഹോര്‍മൂസ് കടലിടുക്ക് സംരക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടലിടുക്കിന്റെ സംരക്ഷകരില്‍ നിന്ന് ശത്രുകള്‍ കനത്ത പ്രഹരങ്ങള്‍ ഏറ്റുവാങ്ങിയെന്നും ഇനി അവര്‍ അറബികടലിന്റെ അതിര്‍ത്തി കടക്കാന്‍ ധൈര്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘അവര്‍ അങ്ങനെ ചെയ്യാന്‍ ധൈര്യപ്പെട്ടപ്പോഴെല്ലാം അവര്‍ സ്വയം ദോഷം വരുത്തിവയ്ക്കുക മാത്രമാണ് ചെയുന്നത്.
അറബിക്കടലും അവരുടെ സാന്നിധ്യത്തില്‍ നിന്ന് മുക്തമാകുന്ന സമയം വളരെ അടുത്തുവരികയാണ്’, എന്നും ഖമനയി പറഞ്ഞു. ഇറാന്‍-ഇറാഖ് യുദ്ധത്തെയും 2024-ല്‍ ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രല്ലയെ ഇസ്രായേല്‍ കൊലപ്പെടുത്തിയതിന്റെ വാര്‍ഷികത്തെയും അനുസ്മരിക്കുന്ന ഒരു സന്ദേശത്തിലാണ് ഖമനയിയുടെ പ്രസ്താവന. ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്റെ വല്യൂഷണറി ഗാര്‍ഡ് ‘പൂര്‍ണ്ണമായും നിയന്ത്രിക്കുന്നു’ എന്ന ഇറാനിയന്‍ സൈനിക കമാന്‍ഡറുടെ പ്രസ്താവന യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തള്ളികളഞ്ഞു. ‘ഹോര്‍മുസ് കടലിടുക്കിന്മേല്‍ ഇറാന് പൂര്‍ണ്ണ നിയന്ത്രണമുണ്ട്… എന്ന അവകാശവാദങ്ങള്‍ തെറ്റാണെന്ന് യുഎസ്CENTCOM പറഞ്ഞു.ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ സൈന്യം ഒരു നൂതന അണ്ടര്‍വാട്ടര്‍ യുഎസ് ഡ്രോണ്‍ പിടിച്ചെടുത്തുവെന്ന ടെഹ്റാന്റെ അവകാശവാദവും യുഎസ് സൈന്യം തള്ളികളഞ്ഞു.
അതിനിടെ, ഇറാനുമായി ഈ ആഴ്ച കൂടുതല്‍ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. യുഎസ് യുദ്ധത്തില്‍ വളരെ വേഗം വിജയം നേടുമെന്നും ട്രംപ് അവകാശപ്പെട്ടു. യുഎസുമായുള്ള നയതന്ത്രത്തിന് ഇറാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. എന്നാല്‍ നയതന്ത്രത്തിന് പുറമേ അമേരിക്ക നടത്തുന്ന ഏത് ആക്രമണത്തേയും ഇറാന്‍ നേരിടുമെന്നും അരാഗ്ചി വ്യക്തമാക്കി. ‘അപ്പോക്കലിപ്റ്റിക് യുദ്ധം’ ആണെങ്കില്‍ പോലും ഇറാന്‍ നേരിടുമെന്ന് അരാഗ്ചി പറഞ്ഞു.
































