പത്തനംതിട്ട : ജില്ലാ വ്യാവസായിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പാരമ്പര്യേതര ഊര്‍ജോദ്പാദനവും ഊര്‍ജ സംരക്ഷണവും എന്ന വിഷയത്തില്‍ ദ്വിദിന സാങ്കേതിക ക്ലിനിക്ക് സംഘടിപ്പിക്കും. 28,29 തിരുവല്ല ഹോട്ടല്‍ തിലകില്‍ നടക്കുന്ന ചടങ്ങ് മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. തിരുവല്ല നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ റീനാ മാത്യു ചാലക്കുഴി, മദ്ധ്യതിരുവിതാംകൂര്‍ ലേബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് ഫാ.ഡോ.എബ്രഹാം മുളമൂട്ടില്‍, കെ എസ് എസ് ഐ ഐ പത്തനംതിട്ട പ്രസിഡന്റ് മോര്‍ളി ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം പത്തനംതിട്ട ജനറല്‍ മാനേജര്‍ ഡി.രാജേന്ദ്രന്‍, മാനേജര്‍ ലിസിയമ്മ സാമുവേല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
28 ചൊവ്വയാഴ്ച പാരമ്പര്യേതര ഊര്‍ജോദ്പാദനത്തിന്റെ ശ്രോതസ്, വ്യവസായ മേഖലയില്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത, സൗരോര്‍ജം ഉദ്പാദനവും സംരക്ഷണവും, വീടുകളുടേയും വ്യവസായ സ്ഥാപനങ്ങളുടേയും മേല്‍ക്കൂരകളില്‍ മേല്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കലും – വൈദ്യുതി ബോര്‍ഡിന്റെ പ്രത്യേക പദ്ധതി, ബ്രാന്‍ഡിംഗ് ആന്റ് മാര്‍ക്കറ്റിംഗ്, അജൈവ മാലിന്യങ്ങളുടെ പുന:രുല്‍പാദനം എന്നീ വിഷയങ്ങളുടെ അവതരണം നടക്കും.
29 ബുധനാഴ്ച ഇന്‍ഡസ്ട്രി 4.0 പുതിയ കാഴ്ചപ്പാടുകള്‍, ബയോ ഡീഗ്രേഡബിള്‍ പായ്ക്കിംഗ് സംവിധാനം, വ്യവസായ സ്ഥാപനങ്ങളില്‍ മാലിന്യ സംസ്‌ക്കരണവും ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മാണവും, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായ പദ്ധതികള്‍ എന്നീ വിഷയങ്ങളുടെ അവതരണം നടക്കും.