തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് അടച്ച സംസ്ഥാനത്തെ എന്‍ജിനിയറിംഗ് കോളജുകള്‍ ഈ മാസം മുതല്‍ ഘട്ടം ഘട്ടമായി തുറന്നു പ്രവര്‍ത്തിക്കുന്നതിന് കേരളാ സാങ്കേതിക സര്‍വകലാശാല അക്കാഡമിക് കൗണ്‍സില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ അംഗീകാരം നല്കിയാല് ഈ മാസം 28 മുതല്‍ സംസ്ഥാനത്തെ എന്‍ജിനിയറിംഗ് കോളജില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആംരഭിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കും.
അക്കാഡമിക് കൗണ്‍സില്‍ യോഗം ചേര്‍ന്നു തയ്യാറാക്കിയ റിപ്പോര്‍ട്ട് സിന്‍ഡിക്കറ്റിനും സര്‍ക്കാരിനും സമര്‍പ്പിച്ചിട്ടുണ്ട്. നിലവിലുള്ള ഓണ്‍ലൈന്‍ ക്ലാസുകളിലേറെയും ഈ മാസം 18 ഓടെ അവസാനിക്കും. അക്കാഡമിക് കൗണ്‍സില്‍ തയ്യാറാക്കിയ പുതിയ ഷെഡ്യൂള്‍ പ്രകാരം ബിടെക് എസ് ഏഴ് സെമസ്റ്റര്‍ നേരിട്ടുള്ള ക്ലാസുകളും ലാബ് ക്ലാസുകളും ഈ മാസം 28 മുതല്‍ ആരംഭിക്കും.
2021 ജനുവരി ഒന്‍പതു വരെയാണ് ഈ ക്ലാസുകള്‍ നിശ്ചയിച്ചിരിക്കുന്നത്. വിവിധ സെമസ്റ്ററുകളിലെ പരീക്ഷകള്‍ ഫെബ്രുവരി പകുതിയോടെ നടത്താനാണ് അക്കാഡമിക് കൗണ്‍സില്‍ നല്കിയ ശിപാര്‍ശ.
കോര്‍ സബ്ജക്ടില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളിലെത്തി പഠിക്കാനുള്ള ക്രമീകരണം അത്യാവശ്യമാണെന്നും പ്രാക്ടിക്കല്‍ ഉള്‍പ്പെടെയുള്ളവ പൂര്‍ത്തീകരിക്കാനും കോളജുകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നും കൗണ്‍സില്‍ സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത ആഴ്ച്ച തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.