തിരുവനന്തപുരം : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷ പരിപാടിയായ ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേളയ്‌ക്ക് തലസ്ഥാന ജില്ലയില്‍ തുടക്കം കുറിച്ചു. മന്ത്രി ആന്റണി രാജു പരിപാടി ഉദ്ഘാടനം ചെയ്തു. സില്‍വര്‍ ലൈന്‍ കൂടി യാഥാര്‍ഥ്യമാകുന്നതോടെ കേരളം ഏത് വികസിത രാജ്യത്തോടും കിടപിടിക്കുന്ന സ്ഥിതിയിലെത്തുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
മന്ത്രി ജി ആര്‍ അനില്‍ പരിപാടിയുടെ അദ്ധ്യക്ഷനായി. കലക്ടര്‍ നവ്‌ജ്യോത് ഖോസ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ എസ് ശ്രീജിത്ത്, ജില്ലാ വികസന കമീഷണര്‍ വിനയ് ഘോയല്‍, സബ് കലക്ടര്‍ എം എസ് മാധവിക്കുട്ടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി ബിന്‍സിലാല്‍ എന്നിവരും സംസാരിച്ചു. സംസ്ഥാന സര്‍ക്കാരും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ഭരണ കേന്ദ്രവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒരാഴ്ച നീളുന്ന പ്രദര്‍ശന നഗരിയില്‍ മുന്നൂറോളം സ്റ്റാളുകളുണ്ട്.
പതിനഞ്ചോളം വകുപ്പുകളുടേതായി ഇരുപതോളം സേവന സ്റ്റാളുകള്‍ മേളയില്‍ ഉണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഒരുക്കുന്ന സ്റ്റാളില്‍, രജിസ്ട്രേഷന്‍ പുതുക്കല്‍, സീനിയോറിറ്റി പുനഃസ്ഥാപിക്കല്‍, സ്വയം തൊഴില്‍, കരിയര്‍ ഗൈഡന്‍സ്, വൊക്കേഷണല്‍ ഗൈഡന്‍സ് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ലഭിക്കും. റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ സേവനങ്ങള്‍ക്കും പൊതുവിതരണ വകുപ്പിന്റെ സ്റ്റാളുകള്‍ പ്രയോജനപ്പെടുത്താം. വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകളും വിപണന സ്റ്റാളുകളും ഉള്‍പ്പെടെ 250 ഓളം സ്റ്റാളുകളും ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയുടെ മാറ്റ് കൂട്ടുന്നുണ്ട്. തലസ്ഥാനത്തെ വൈകുന്നേരങ്ങളെ സാന്ദ്രമാക്കാന്‍ കലാ സാംസ്‌കാരിക പരിപാടികളുമുണ്ട്.