കൊച്ചി: എൺപത്തിയാറാം വയസ്സിലും അറിവ് നേടാനുള്ള അടങ്ങാത്ത ആവേശമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് പത്മശ്രീ ജേതാവ് അലി മണിക്ഫാൻ. പ്രകൃതിയെ നിരീക്ഷിക്കാനും അവക്ക് പിന്നിലെ ശാസ്ത്രസത്യങ്ങൾ അറിയാൻ ശ്രമിച്ചതുമാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് സമുദ്രശാസ്ത്രം, ഗോളശാസ്ത്രം, കപ്പൽനിർമാണം, പരിസ്തിഥി ശാസ്ത്രം തുടങ്ങി നിരവധി മേഖലകളിൽ വൈദഗ്ധ്യമുള്ള മണിക്ഫാൻ പറഞ്ഞു. സമുദ്രമത്സ്യമേഖലയിലെ ഗവേഷകരുടെ കൂട്ടായ്മയായ മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എംബിഎഐ) ഓണററി ഫെല്ലോഷിപ്പ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന ചടങ്ങിൽ അറിവന്വേഷണത്തിന്റെ സഞ്ചാരവഴികൾ മണിക്ഫാൻ സദസ്യരുമായി പങ്കുവെച്ചു. പല ശാസ്ത്രീയ അറിവുകളും നേടാൻ സഹായകരമായത് സ്വന്തം ജീവിതാനുഭവങ്ങളാണ്. ലക്ഷദ്വീപിലെ പ്രത്യേക സഹചര്യങ്ങളെ അതിജീവിക്കാനുള്ള വഴിയെന്ന നിലക്കാണ് ആദ്യകാലത്ത് ശാസ്ത്രത്തിന്റെ സാധ്യതകൾ മനസ്സിലാക്കാൻ തുനിഞ്ഞത്. പിന്നീട് അതൊരു ആവേശമായി മാറി. ആദ്യകാലത്ത് മിനിക്കോയ് ദ്വീപിലെ ലൈറ്റ് ഹൗസ് സൂക്ഷിപ്പുകാരന്റെ സഹായിയായിരുന്നു. കൺമുന്നിലുള്ള കടലിനെ കുറിച്ചും മീനുകളെ കുറിച്ചും അറിയേണ്ടത് അനിവാര്യമാണെന്ന് തോന്നി. കൃഷി, ജ്യോതിശാസ്ത്രം, ഷിപ് ബിൽഡിംഗ് എഞ്ചിനീയറിംഗ് തുടങ്ങി നിരവധി മേഖലകളിലേക്ക് വഴിനടത്തിയത് അറിവിനോടുള്ള ഈ ആവേശമായിരുന്നുവെന്ന് സിഎംഎഫ്ആർഐയിലെ മുൻ ജീവനക്കാരൻ കൂടിയായ മണിക്ഫാൻ പറഞ്ഞു.
പതിവായി കടലിൽ നീന്താറുണ്ടായിരുന്ന അദ്ദേഹം നീന്തലിനിടയിലൊരിക്കൽ സിഎംഎഫ്ആർഐയിലെ ശാസ്ത്രസംഘത്തെ യാദൃശ്ചികമായി കണ്ടുമുട്ടിയതാണ് മണിക്ഫാന് സിഎംഎഫ്ആർഐയിലേക്കുള്ള വഴിതുറന്നത്. അക്കാലത്ത് അദ്ദേഹം ഒരു പുതിയ മീനിനെ കണ്ടെത്തുകയും അബുദഫ്ദഫ് മണിക്ഫാനി എന്ന് മീനിന് പേര് നൽകുകയും ചെയ്തു. പതിനാല് ഭാഷകളിൽ പ്രാവീണ്യമുണ്ട്. 2021ൽ രാജ്യം പത്മശ്രീ നൽകി അലി മണിക്ഫാനെ ആദരിച്ചു. സിഎംഎഫ്ആർഐയിൽ നടന്ന അനുമോദന ചടങ്ങിൽ സിഎംഎഫ്ആർഐ ഡയറക്ടറും എംബിഎഐ പ്രസിഡണ്ടുമായ ഡോ എ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. എൻ ജി കെ പിള്ള, ഡോ. പി എം അബൂബക്കർ, ഡോ. കെ കെ സി നായർ, ഡോ രേഖ ജെ നായർ, ഡോ. ഗ്രിൻസൻ ജോർജ് എന്നിവർ പ്രസംഗിച്ചു.