കൊച്ചി : മൊബൈൽ ആപ്പ് വഴിയുള്ള വായ്പാതട്ടിപ്പിനെതിരെ പുതിയ നിയമനിർമാണത്തിനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് മന്ത്രി ഇ.പി.ജയരാജൻ. സംസ്ഥാനത്ത് ഇതിനോടകം 63 പരാതികൾ ലഭിച്ചു. ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തു. സൈബർ പോലീസ് കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. ശക്തായ ബോധവത്കരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്. ശബരിനാഥിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിക്കു വേണ്ടി മറുപടി പറയുകയായിരുന്നു മന്ത്രി ഇപി ജയരാജൻ. നേരത്തെ തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ ഡിജിപി ക്രൈംബ്രാഞ്ചിനു നിർദ്ദേശം നൽകിയിരുന്നു. വിശദമായ അന്വേഷണം നടത്താൻ ഡിജിപി നിർദ്ദേശം നൽകി. തട്ടിപ്പിന് പിന്നിൽ വിദേശികൾ ഉൾപ്പെടെയുള്ള സംഘമെന്നാണ് വിലയിരുത്തൽ.
മൊബൈൽ ആപ് വഴി വായ്പ എടുത്തവരിൽ ചിലർ അമിതപലിശ കാരണം പണം തിരിച്ചടയ്ക്കാനാവാതെ ആത്മഹത്യ ചെയ്ത സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡിജിപിയുടെ അടിയന്തിര ഇടപെടൽ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഡിജിപി ക്രൈം ബ്രാഞ്ചിന് നിർദ്ദേശം നൽകി. ഹൈടെക് ക്രൈം എൻക്വയറി സെൽ അന്വേഷണത്തിൽ സഹായിക്കും.
തട്ടിപ്പിന് പിന്നിൽ വിദേശികൾ ഉൾപ്പെടെയുള്ള സംഘമെന്നാണ് പ്രാഥമിക നിഗമനം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും സംഘത്തിലുണ്ട്. ഈ സാഹചര്യത്തിൽ ഇന്റർപോൾ, സിബിഐ എന്നിവയുടേയും തെലുങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പോലീസിന്റെയും സഹായത്തോടെയാണ് അന്വേഷണം നടത്തുക. മൊബൈൽ ആപ്പ് ഉപയോഗിച്ച് വായ്പ എടുക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.