ഡൽഹി: ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. സുധാകരന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. ശക്തമായ തെളിവ് സുധാകരനെതിരെയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നു. സംസ്ഥാനത്തിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ഹര്‍ഷദ് വി ഹമീദാണ് അപ്പീല്‍ സമര്‍പ്പിച്ചത്. ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ ഗൂഢാലോചനാ കുറ്റമായിരുന്നു കെ സുധാകരനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ സുധാകരനെതിരെ തെളിവുകള്‍ ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ സുധാകരനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ വ്യക്തമാക്കി.
വിശാല ഗൂഢാലോചനയില്‍ സുധാകരന് നേരിട്ട് പങ്കുണ്ടെന്നാണ് അപ്പീലില്‍ സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നത്. ആന്ധ്രാപ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ട് പേര്‍ മാത്രമാണ് വിചാരണ നേരിട്ടത്. ഗൂഢാലോചനയില്‍ സുധാകരന്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് കേരള പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതാണ്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി റദ്ദാക്കണമെന്നാണ് ആവശ്യം.സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദാണ് സര്‍ക്കാരിന്റെ അപ്പീല്‍ സമര്‍പ്പിച്ചത്. 1995 ഏപ്രില്‍ 12-നാണ് ഇ പി ജയരാജനെതിരേ വധശ്രമം നടന്നത്. ചണ്ഡിഗഢില്‍ നിന്ന് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് തീവണ്ടിയില്‍ കേരളത്തിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം നടന്നത്.