കോഴിക്കോട്: ഇടതു മുന്നണിയോടും പിണറായി വിജയനോടും നല്ലവണ്ണം ആലോചിച്ചു കളിച്ചാല്‍ മതിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.’സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള യു.ഡി.എഫ്-സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ’ കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച എല്‍.ഡി.എഫ്.റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇത് പഴയ കോണ്‍ഗ്രസല്ല, കൊലപാതകങ്ങളും അക്രമങ്ങളും നടത്തുന്ന പാര്‍ട്ടിയാണ്. ക്രിമിനല്‍ സംഘമാണ്, ഗുണ്ടാകോണ്‍ഗ്രസാണെന്നും ജയരാജന്‍ ആരോപിച്ചു. രാജ്യത്തിനുതന്നെ അപമാനമുണ്ടാക്കിയ 20 തവണ സ്വര്‍ണം കടത്തിയെന്ന് കോടതിയില്‍ മൊഴിനല്‍കിയ ഒരുസ്ത്രീയെയാണ് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കണ്ടുപിടിച്ചിരിക്കുന്നത്. സോണിയാഗാന്ധിക്കുപകരം അവരുടെ ഫോട്ടോയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഓഫീസുകളില്‍ വെച്ചിരിക്കുന്നത്.
രമേശ് ചെന്നിത്തല ഒന്നിനും കൊള്ളാത്തവനും താന്‍ കേമനുമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉഗ്രമൂര്‍ത്തിയായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു. സതീശനൊപ്പം കെ. സുധാകരനുംകൂടി ചേര്‍ന്നപ്പോള്‍ നല്ലജോടിയായി. മുഖ്യമന്ത്രിയെ രാജിവെപ്പിക്കാനാണ് ഇവരുടെ ശ്രമം.
മുഖ്യമന്ത്രിയെ തകര്‍ക്കാന്‍ ചെമ്പുമായി വന്നിരിക്കുകയാണ്. വി.ഡി. സതീശന്‍ ചെമ്പും വട്ടളവും ചുമക്കുന്ന പണിക്കേ കൊള്ളൂ. രാഷ്ട്രീയം കൈകാര്യംചെയ്യാന്‍ കഴിയില്ല. കെ. കരുണാകരന്‍ ലീഡറാണ്. അവിടെയെത്താന്‍ സതീശന്‍ കുറെക്കാലം പിടിക്കും. പിണറായി വിജയന്‍ ഇരുമ്പല്ല, ഉരുക്കാണ്. പിണറായി വിജയന്‍ നടന്നുപോയ വഴിയിലൂടെ പോവാന്‍ വി.ഡി. സതീശന്‍ അഞ്ചുതവണ ജനിച്ചിട്ടുവരേണ്ടിവരുമെന്നും ജയരാജന്‍ പറഞ്ഞു.സിപിഎം. ജില്ലാസെക്രട്ടറി പി. മോഹനന്‍ അധ്യക്ഷനായിരുന്നു. ബിനോയ് വിശ്വം എംപി, മുക്കം മുഹമ്മദ്, പി.എം. സുരേഷ്ബാബു, സി.കെ. നാണു, മനയത്ത് ചന്ദ്രന്‍, ജോയ്‌സ് പുത്തന്‍പുര, എ.ജെ. ജോസഫ്, സാലി കൂടത്തായി, നൈസ് മാത്യു സംസാരിച്ചു.