കൊച്ചി : എറണാകുളം -അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട ഭൂമി വില്‍പ്പനയില്‍ വ്യാജ പട്ടയം നിര്‍മ്മിച്ചെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. തൃക്കാക്കരയിലെ ഭൂമി വില്‍പ്പനയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സിആര്‍പിസിസി 202 അനുസരിച്ച് പോലീസ് ഒരു പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം എന്ന് പോലീസ് കോടതിയെ അറിയിച്ചത്.
പട്ടയ രേഖയുമായി ബന്ധപ്പെട്ട ഫയലുകള്‍ റവന്യൂ ഓഫീസില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ ഇതൊരു വ്യാജ പട്ടയം ആണെന്ന സംശയം നിലനില്‍ക്കുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതാണെന്ന് കോടതിയെ ബോധിപ്പിച്ചത്. വാഴക്കാല വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ എട്ടില്‍ 407 ബാര്‍ ഒന്ന് എന്ന സര്‍വ്വേ നമ്പറില്‍പ്പെട്ട സ്ഥലത്ത് ഏഴ് പേര്‍ക്ക് 74 സെന്റ് ഭൂമി മുറിച്ച് വില്‍പ്പന നടത്തി. ഈ ഭൂമി വില്‍പ്പന നടത്താനായി ഉപയോഗിച്ച രേഖകള്‍ വ്യാജമാണ് എന്നതായിരുന്നു ആരോപണം.