കൊച്ചി : കൊവിഡ് വ്യാപനം കടുത്ത എറണാകുളത്ത് സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ ആശങ്കപ്പെടേണ്ട സാഹചര്യത്തില്‍ എത്തിയിട്ടില്ല. രണ്ടാഴ്‍ചയ്ക്കുള്ളില്‍ ഉറവിടം കണ്ടെത്താന്‍ കഴിയാതെ വന്നാലേ ആശങ്കയ്ക്ക് വകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
ഇന്നലത്തെ ഏഴു കേസുകളുടെ ഉറവിടം അറിയാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. ഇതുവരെ ഒന്‍പത് ഉറവിടം അറിയാത്ത കേസുകളാണ് ജില്ലയിലുള്ളത്. ജനറല്‍ ആശുപത്രിയില്‍ പനി ഉള്‍പ്പെടെയുള്ള രോഗവുമായി വരുന്നവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ടെസ്റ്റ് നെഗറ്റീവ് ആയാല്‍ തിരികെ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം.
പിവിഎസ് ആശുപത്രിയില്‍ രണ്ടു ദിവസത്തിനകം ഒ.പി തുടങ്ങും. ഫോര്‍ട്ട് കൊച്ചി, കാളമുക്ക് പേഴക്കാപ്പള്ളി മാര്‍ക്കറ്റുകള്‍ അടക്കും. ആലുവ 8, 21 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണ്‍ ആക്കി. കണ്ടെയിന്‍മെന്റ് സോണുകളിലെ ആവശ്യ സാധനങ്ങള്‍ക്കുള്ള കടകള്‍ എട്ട് മുതല്‍ ഒരു മണി വരെ പ്രവര്‍ത്തിക്കും. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കണം. എന്നാല്‍ ഓണ്‍ലൈന്‍ ഡെലിവറി നടത്താം. നായരമ്പലം പഞ്ചായത്ത് രണ്ടാം വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കും.