കൊച്ചി: ഇൻഷുറൻസ് പോളിസിയിലെ വ്യവസ്ഥകളിൽ ആശയക്കുഴപ്പമോ രണ്ട് തരത്തിലുള്ള വ്യാഖ്യാനത്തിനോ സാധ്യത ഉണ്ടെങ്കിൽ ഉപഭോക്താവിന് അനുകൂലമായി തീരുമാനമെടുക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയയായ പരാതിക്കാരിയുടെ ചികിൽസാ ചെലവ് പൂർണമായും നൽകാത്ത ഇൻഷുറൻസ് കമ്പനിയുടെ നിലപാട് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് കോടതി വിലയിരുത്തി. എറണാകുളം മുക്കന്നൂർ സ്വദേശി ഡെയ്സി ജോസഫ്, നാഷണൽ ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കാണ് പരാതിക്കാരി വിധേയയായത്. അതിനായി 2.26 ലക്ഷം രൂപ ചെലവായി. എന്നാൽ ഇൻഷുറൻസ് കമ്പനി 77063/- രൂപ മാത്രമേ നൽകിയുള്ളൂ.
ബാക്കി തുകയായ 1,49,054/- രൂപ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്. ന്യായമായ കാരണം ഇല്ലാതെയാണ് പരാതിക്കാരിക്ക് ഇൻഷുറൻസ് കമ്പനി ചികിത്സാ ചെലവ് നിഷേധിച്ചതെന്ന് ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. ഇൻഷുറൻസ് പ്രകാരമുള്ള ബാക്കി തുകയായ 1,49,054/- രൂപയും നഷ്ടപരിഹാരം, കോടതി ചെലവ് ഇനങ്ങളിൽ 10000/- രൂപയും 45 ദിവസത്തിനകം പരാതിക്കാരിക്ക് നൽകാൻ എതിർകക്ഷിക്ക് കോടതി ഉത്തരവ് നൽകി. പരാതിക്കാരിക്ക് വേണ്ടി അഡ്വ. ജിനോ ജോസ് ഹാജരായി.