എറണാകുളം : 20 ദിവസത്തെ ഇടവേളയ്ക്ക് ശേഷം എറണാകുളം മാര്‍ക്കറ്റ് ഇന്ന് ഭാഗികമായി തുറക്കും. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പലചരക്ക് കടകള്‍ 11 മണിയോടെ തുറക്കും. പച്ചക്കറി മാര്‍ക്കറ്റ് നാളെ തുറക്കും. കര്‍ശന നിബന്ധനകളോടെയാണ് മാര്‍ക്കറ്റ് വീണ്ടും തുറക്കുന്നത്.
ഒരു ദിവസം അൻപത് ശതമാനം കടകള്‍ക്കു മാത്രമാണ് തുറക്കാന്‍ അനുമതി. പുലര്‍ച്ചെ മൂന്നു മണി മുതല്‍ ഏഴുമണി വരെയാണ് ലോഡിറക്കാനുള്ള സമയം. ഏഴുമുതല്‍ പതിനൊന്നു വരെ ചില്ലറവില്‍പനക്കാര്‍ക്ക് സാധനങ്ങള്‍ വാങ്ങാം. പതിനൊന്നു മണി മുതലായിരിക്കും പൊതുജനങ്ങള്‍ക്ക് മാര്‍ക്കറ്റിലേക്ക് പ്രവേശനം.
എല്ലാ ദിവസവും മാർക്കറ്റ് അണു വിമുക്തമാക്കണം. മാസ്ക് നിർബന്ധമായും ധരിച്ചിട്ടുണ്ടാകണം. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരും മാർക്കറ്റിലുള്ളവരും തമ്മിൽ ഇടപഴകാൻ പാടില്ല. ഡ്രൈവർമാർ വാഹനങ്ങളിൽ തന്നെ ഇരിക്കണം. ഇവരുടെ പ്രാഥമിക ആവശ്യങ്ങൾക്കായി പ്രത്യേക സംവിധാനം ഒരുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. മാർക്കറ്റിനുള്ളിൽ സാമൂഹിക അകലവും നിർദേശങ്ങളും ഉറപ്പു വരുത്താനായി ബൈക്കിൽ പോലീസ് പട്രോളിങ് ഉണ്ടാകും.