കൊച്ചി : എറണാകുളം പ്രസ് ക്ലബിലെ അമൃത ടി വി ക്യാമറാമാൻ ശശികാന്ത് സെക്രട്ടറിയും മനോരമ ന്യൂസ് വീഡിയോ എഡിറ്റർ ഫിലിപ്പോസ് മാത്യു പ്രസിഡന്റുമായുമുള്ള കമ്മിറ്റിയിലെ കഴിഞ്ഞ രണ്ട് വർഷത്തെ എല്ലാ കണക്കുകളും പരിശോധിക്കാൻ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഇതിനായി നാലംഗ സമിതിയെ ചുമതലപ്പെടുത്തി.
മോൺസൺ മാവുങ്കലിൽ നിന്ന് പത്ത് ലക്ഷം രൂപ സെക്രട്ടറി ശശികാന്ത് സ്വന്തം അക്കൗണ്ടിൽ വാങ്ങിയതിനെ തുടർന്ന് പ്രസിഡന്റ് , സെക്രട്ടറി, ട്രഷറർ സിജോ പൈനാടത്ത് എന്നിവരെ തൽസ്‌ഥാനങ്ങളിൽ നിന്ന് നേരത്തെ നീക്കിയിരുന്നു. അതിനു പിന്നാലെയാണ് ഡയറി അച്ചടിച്ചതിലെ ക്രമക്കേട് അടക്കം എല്ലാ കണക്കുകളും പ്രവർത്തനങ്ങളും അന്വേഷിക്കാൻ സമിതിയെ ചുമതലപ്പെടുത്തിയത്.
അടുത്തിടെ രാജ്യത്തെ ആദ്യ കോവിഡ് പ്രതിരോധ പ്രസ് ക്ലബ് എന്ന പേരിൽ മന്ത്രി പി. രാജീവിനെയും ഹൈബി ഈഡൻ എം പിയെയും വിളിച്ചു വരുത്തി തട്ടിപ്പ് കമ്പനിക്ക് പ്രചാരണം നൽകിയതും അന്വേഷിക്കും. ഇന്ത്യൻ പാർലമെന്റിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ എന്ന പേരിലായിരുന്നു പ്രസ്‌ക്ലബിലെ മറയാക്കി തട്ടിപ്പിന് ശ്രമം നടന്നത്.